ചെറുതോണി: ഇടുക്കി കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തിയ നെൽകൃഷി വിജയത്തിലേക്ക്. ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിലാണ് മണിയാറൻകുടിയിൽ നെൽകൃഷിയാരംഭിച്ചത്. കഴിഞ്ഞ വർഷം കൊവിഡിനെ തുടർന്ന് ലോക് ഡൗൺ ആരംഭിക്കുകയും ഭക്ഷ്യക്ഷാമം ഉൾപ്പെടെയുള്ള പ്രതിസന്ധികൾ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് മണിയാറൻകുടിയിൽ നെൽകൃഷിയാരംഭിച്ചത്. മണിയാറൻകുടി ആനക്കൊമ്പൻ, വട്ടമേട് മേഖലകളിലായി പതിനൊന്ന് ഏക്കർ സ്ഥലത്താണ് കൃഷി നടത്തിയത്. കഴിഞ്ഞ വർഷം ജൂണിലാണ് ആദ്യം കൃഷിയാരംഭിച്ചത്. ഒക്ടോബർ മാസത്തിൽ ആദ്യ കൊയ്ത്ത് നടത്തി. എന്നാൽ കാട്ടുമൃഗങ്ങളുടെ ശല്യം കൃഷിക്ക് ആദ്യതവണ വലിയ നഷ്ടമാണ് ഉണ്ടായതെന്ന് ഇടുക്കി കെയർ ഫൗണ്ടേഷന്റെ പഞ്ചായത്ത് ചെയർമാൻ പി.ഡി ജോസഫ് പറഞ്ഞു. നഷ്ടം സഹിച്ച് വീണ്ടും കൃഷി തുടരുകയായിരുന്നു. നവംബറിൽ ഇതേ പാടത്ത് രണ്ടാമത്തെ കൃഷി നടത്തിയതിന്റെ കൊയ്ത്താണ് ഈ മാസം നടത്തിയത്. ഇക്കുറി പദ്ധതി വിജയമായെന്ന് സംഘാടകനായ സിബി തകരപിളളി പറഞ്ഞു. എന്നാൽ ഇത്തവണ കൊയ്ത്ത് കാലത്ത് മഴപെയ്തത് കൃഷിക്ക് പ്രതിസന്ധിയായി. ഇതോടെ കച്ചി ഉൾപ്പെടെ ഉണങ്ങാനാവാത്ത സ്ഥിതിയാണ് ഉണ്ടായിരിക്കുന്നതെന്നും സിബി പറഞ്ഞു. ഇത് മൂലം നഷ്ടമുണ്ടായെങ്കിലും നല്ല വിളവ് ലഭിച്ചത് ആശ്വാസമായെന്ന് സംഘടകർ പറഞ്ഞു. തുടർന്നും കൃഷി ചെയ്യാൻ തന്നെയാണ് തീരുമാനമെന്ന് ചെയർമാൻ പി ഡി ജോസഫ് പറഞ്ഞു.