തൊടുപുഴ: കൊവിഡ് രോഗികളായി വീട്ടിൽ കഴിയുന്നവർക്കും പ്രധിരോധ പ്രവർത്തനങ്ങൾ നടത്തുന്ന പഞ്ചായത്തുകൾക്കും വിവിധ സർവീസ് സഹകരണ ബാങ്കുകളുടെ നേതൃത്വത്തിൽ സഹായമെത്തിച്ച് നൽകി. തൊടുപുഴ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നിർധനരായ 250 കൊവിഡ് രോഗികളുടെ കുടുംബങ്ങളിൽ സൗജന്യ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ബാങ്കിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ.എം. ബാബു നിർവഹിച്ചു. ചടങ്ങിൽ ബാങ്ക് സെക്രട്ടറി പി.ജയശ്രീ , ഡയറക്ടറും നഗരസഭാ കൗൺസിലറുമായ ആർ. ഹരി, ഡയറക്ടർമാരായ കെ.പി. ഹരീഷ്, കെ.സലിം കുമാർ, പി.പി. ജേക്കബ്, രഞ്ജിനി മോഹനൻ, ബെന്നി മൈക്കിൾ, മറ്റു ജീവനക്കാർ എന്നിവർ പങ്കെടുത്തു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കരിങ്കുന്നം സർവീസ് സഹകരണ ബാങ്ക് കരിങ്കുന്നം പഞ്ചായത്തിന് ഒരു ലക്ഷം രൂപാ കൈമാറി. ഇതിനുള്ള ചെക്ക് ബാങ്ക് പ്രസിഡന്റ് തമ്പി മാനുങ്കൽ പഞ്ചായത്ത് പ്രസിഡന്റ് ജോജി എടമ്പുറത്തിന് കൈമാറി. ആലക്കോട് സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഇടവെട്ടി പഞ്ചായത്തിൽ ബാങ്കിന്റെ പ്രവർത്തന പരിധിയിലുള്ള 9 വാർഡുകളിലെ കൊവിഡ് രോഗികൾക്കായി പൾസ് ഓക്‌സിമീറ്ററുകൾ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് തോമസ് മാത്യു കക്കുഴിയിൽ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് ഉപകരണങ്ങൾ ഏറ്റുവാങ്ങി. അറക്കുളം ഗ്രാമ പഞ്ചായത്തിൽ കൊവിഡ് രോഗികളായി കഴിയുന്ന 100 ലധികം കുടുംബങ്ങൾക്ക് ആസ്‌കോ ബാങ്കിന്റെ നേതൃത്വത്തിൽ സൗജന്യ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. ബാങ്ക് ചെയർമാൻ ടോമി വാളികുളം, ഡയറക്ടർ ബോർഡ് അംഗം മാർട്ടിൻ മാണി, ബാങ്ക് മാനേജിംഗ് ഡയറക്ടർ ജോഷി വി. മാത്യു, മറ്റ് ബാങ്ക് ജീവനക്കാർ എന്നിവർ നേതൃത്വം നൽകി.