തൊടുപുഴ: തൊടുപുഴ താലൂക്കുകളിലെ വിവിധ പഞ്ചായത്തുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളിൽ. കൂടുതൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുടയത്തൂർ പഞ്ചായത്തിലാണ്. 43 പേരെ പരിശോധിച്ചതിൽ 26 പേർക്കും ഇവിടെ രോഗ ബാധ കണ്ടെത്തി. 60.46 ആണ് ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇടവെട്ടിയാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ 86 പേരെ പരിശോധിച്ചതിൽ 34 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 39.53 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. വെള്ളിയാമറ്റം- 37.5, കോടിക്കുളം- 28. 57, മണക്കാട്- 36, കുമാരമംഗലം- 19, വണ്ണപ്പുറം- 36, അറക്കുളം- 48, ആലക്കോട്- 27, കരിങ്കുന്നം- 37, തൊടുപുഴ- 26, കരിമണ്ണൂർ- 20, കുടയത്തൂർ- 60, ഉടുമ്പന്നൂർ- 26 എന്നിങ്ങനെയാണ് മറ്റ് പഞ്ചായത്തുകളിലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഹൈറേഞ്ചിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുകളിൽ നേരിയ വർദ്ധനയുണ്ട്.

ബൈസൺവാലിയിൽ 79%
ബൈസൺവാലിയിൽ 79 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇവിടെ 62 പേരെ പരിശോധിച്ചതിൽ 49 പേർക്കും രോഗ ബാധ കണ്ടെത്തി. രാജാക്കാട്- 40, ഉടുമ്പൻചോല- 33, രാജകുമാരി- 34, ചക്കുപള്ളം- 22 എന്നിവിടങ്ങളിലും നിരക്ക് കൂടുതലാണ്. പീരുമേട് താലൂക്കിലെ വണ്ടിപ്പെരിയാറിൽ 39 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇവിടെ ഞായറാഴ്ച 168 പേരെ പരിശോധിച്ചതിൽ 67 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കുമളിയിൽ 96 പേരെ പരിശോധിച്ചതിൽ 25 പേർക്കും രോഗബാധ കണ്ടെത്തി. ഇവിടെ 26 ആണ് പോസിറ്റിവിറ്റി നിരക്ക്. പെരുവന്താനത്ത് 21 ഉം ഉപ്പുതറയിൽ 18 ശതമാനവുമാണ് പോസിറ്റിവിറ്റി നിരക്ക്. ദേവികുളം താലൂക്കിലെ പഞ്ചായത്തുകളിലും കൊവിഡ് കേസുകൾ വർദ്ധിക്കുകയാണ്. മറയൂർ- 39, അടിമാലി- 33, പള്ളിവാസൽ- 23, മൂന്നാർ- 22, മാങ്കുളത്ത്- 20 എന്നിങ്ങനെയാണ് ഇവിടങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.