തൊടുപുഴ: ഒടുവിൽ അത് ഉറപ്പിച്ചു, രണ്ടാം പിണറായി ടീമിൽ ഇടുക്കിയുടെ സ്വന്തം റോഷി അഗസ്റ്റ്യൻ മന്ത്രിയാകും. മന്ത്രിസ്ഥാനത്തേയ്ക്ക് റോഷി അഗസ്റ്റിനെയും ചീഫ് വിപ്പായി ഡെപ്യൂട്ടി ലീഡറായ ഡോ.എൻ. ജയരാജിനെയും തീരുമാനിച്ചുകൊണ്ടുള്ള കേരള കോൺഗ്രസിന്റെ (എം) കത്ത് ചെയർമാൻ ജോസ് കെ. മാണി മുഖ്യമന്ത്രിയ്ക്കും ഇടതുമുന്നണി കൺവീനർക്കും കൈമാറിയതോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഞായറാഴ്ച നടന്ന യോഗം പാർലമെന്ററി പാർട്ടി നേതാവായി റോഷിയെ തിരഞ്ഞെടുത്തതോടെ അദ്ദേഹം മന്ത്രിയാകുമെന്ന് ഏകദേശം ഉറപ്പായിരുന്നു. 2001 മുതൽ ഇടുക്കി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന റോഷി ഇത് അഞ്ചാം വട്ടമാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ നാല് തവണയും യു.ഡി.എഫ് എം.എൽ.എയായിരുന്നു. എന്നാൽ ഇത്തവണ മുന്നണി മാറിയപ്പോൾ ഇടത് സ്ഥാനാർത്ഥിയായി ജനവിധി തേടുകയായിരുന്നു. യു.ഡി.എഫിന് വേണ്ടി ഫ്രാൻസിസ് ജോർജാണ് മത്സരിച്ചത്. 2016ൽ റോഷി യു.ഡി.എഫിനും ഫ്രാൻസിസ് ജോർജ് എൽ.ഡി.എഫിനും വേണ്ടി ഏറ്റുമുട്ടിയിരുന്നു. അന്നത്തെ പോലെ തന്നെ ഇത്തവണയും വിജയം റോഷിക്കൊപ്പമായിരുന്നു. യു.ഡി.എഫ് കോട്ടയായ മണ്ഡലത്തിലെ വാശിയേറിയ പോരാട്ടത്തിൽ 5573 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. ആദ്യമായി ഇടത് എം.എൽ.എയായപ്പോൾ മന്ത്രിസ്ഥാനവും കിട്ടിയത് ഇരട്ടി നേട്ടമായി. പാർട്ടി ചെയർമാൻ ജോസ് കെ. മാണി പാലായിൽ പരാജയപ്പെട്ടതും റോഷിക്ക് മന്ത്രിസ്ഥാനം ലഭിക്കാൻ ഒരു കാരണമാണ്. ജോസ് കെ. മാണിയുടെ വിശ്വസ്തൻ കൂടിയായ റോഷി പാർട്ടിയിലെ പിളർപ്പിന്റെ സമയത്ത് ജോസിനൊപ്പം ഉറച്ചു നിന്നിരുന്നു.
വകുപ്പ് സംബന്ധിച്ച് തീരുമാനമായില്ലെങ്കിലും പൊതുമരാമത്ത് കിട്ടിയേക്കുമെന്നാണ് സൂചന. രജിസ്ട്രേഷൻ വകുപ്പും ലഭിച്ചേക്കാം. വരുംദിവസങ്ങളിൽ ഇതുസംബന്ധച്ച് അന്തിമതീരുമാനമാകും.
ജില്ലയുടെ നാലാമത് മന്ത്രി
ഇടുക്കി മണ്ഡലത്തിൽ നിന്നുള്ള ആദ്യ മന്ത്രിയും ജില്ലയിൽ നിന്നുള്ള നാലാമത്തെ മന്ത്രിയുമാണ് റോഷി അഗസ്റ്റിൻ. സി.പി.ഐ നേതാവായിരുന്ന കെ.ടി. ജേക്കബാണ് ഇടുക്കിയുടെ ആദ്യത്തെ മന്ത്രി. ഉടുമ്പഞ്ചോല മണ്ഡലത്തിൽ നിന്ന് വിജയിച്ച ജേക്കബ് മൂന്ന് വർഷത്തോളം റവന്യൂ മന്ത്രിയായിരുന്നു. പിന്നീട് ഇടുക്കിയിൽ നിന്ന് മന്ത്രിയാകുന്നത് തൊടുപുഴയുടെ സ്വന്തം പി.ജെ. ജോസഫാണ്. 1978 ജനുവരി 16ന് 36-ാം വയസിൽ പി.ജെ. ജോസഫ് രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ആഭ്യന്തരമന്ത്രിയായി. പിന്നീട് പല വകുപ്പുകളിലായി ജില്ലയിൽ നിന്ന് ആറ് തവണ ജോസഫ് മന്ത്രിയായി. അതിന് ശേഷം ഇടുക്കിക്കാരുടെ മണിയാശാനാണ് ജില്ലയിൽ നിന്ന് മന്ത്രിയാകുന്നത്. 2016ൽ ഉടുമ്പഞ്ചോല മണ്ഡലത്തിൽ നിന്ന് വിജയിച്ച എം. എം. മണി ഒന്നാം പിണറായി സർക്കാരിൽ വൈദ്യുതി മന്ത്രിയായാണ് അധികാരമേറ്റത്. മന്ത്രിയായ ശേഷം മണി ഹൈറേഞ്ചിൽ നടത്തിയ വികസനപ്രവർത്തനങ്ങളുടെ പ്രതിഫലനമായിരുന്നു അദ്ദേഹത്തിന് ലഭിച്ച റെക്കാഡ് ഭൂരിപക്ഷം. ഇത്തവണയും മണി മന്ത്രിയാകുമെന്നാണ് ഇടുക്കിക്കാർ പ്രതീക്ഷിച്ചതെങ്കിലും മുഖ്യമന്ത്രിയൊഴിച്ച് ബാക്കിയെല്ലാവരും പുതുമുഖങ്ങളായതോടെ അവസരം നഷ്ടപ്പെടുകയായിരുന്നു. എങ്കിലും രണ്ട് പതിറ്റാണ്ടോളം ഹൈറേഞ്ചിൽ പ്രവർത്തന പരിചയമുള്ള റോഷി ജില്ലയുടെ നാലാമത്തെ മന്ത്രിയായി അധികാരത്തിലേറുമ്പോൾ മലയോര ജനതയ്ക്ക് ഏറെ പ്രതീക്ഷകളാണുള്ളത്.