തൊടുപുഴ: കേരള കോൺഗ്രസ് (എം)​ നേതാവ് കെ.എം. മാണിയോടൊപ്പവും അദ്ദേഹത്തിന്റെ മരണശേഷം മകനും പാർട്ടി ചെയർമാനുമായ ജോസ് കെ. മാണിക്കൊപ്പവും പാറപോലെ ഉറച്ച് റോഷി അഗസ്റ്റിനുണ്ടായിരുന്നു.കെ. എം. മാണിയുടെ തറവാട്ട് വീടായ പാലാ കരിങ്ങോഴ്ക്കലെ ഒരു അംഗം പോലെയായിരുന്നു റോഷി . 1996ൽ 26-ാമത്തെ വയസിൽ വിദ്യാ‌ർത്ഥി നേതാവായിരുന്ന റോഷിയ്ക്ക് പേരാമ്പ്രയിൽ സീറ്റ് നൽകിയത് മാണിയുടെ പ്രത്യേക താത്പര്യപ്രകാരമായിരുന്നു. കന്നിയങ്കത്തിൽ പരാജയപ്പെട്ടെങ്കിലും 2001ൽ ഇടുക്കിയിൽ മാണിയുടെ വിശ്വാസം കാക്കാൻ റോഷിക്കായി.

ബാർകോഴ വിവാദത്തെ തുടർന്നുള്ള കെ.എം. മാണിയുടെ പ്രതിസന്ധി കാലത്തും റോഷി ഒപ്പമുണ്ടായിരുന്നു. മാണിയുടെ മരണ ശേഷം പാർട്ടി പിളർന്നപ്പോൾ മുതിർന്ന പല നേതാക്കളും ജോസഫിനൊപ്പം പോയപ്പോഴും റോഷി ജോസ് കെ. മാണിക്ക് പൂർണ പിന്തുണ നൽകി കൂടെ തന്നെയുണ്ടായിരുന്നു. മാത്രമല്ല റോഷിയുടെ തന്ത്രങ്ങളും നീക്കങ്ങളുമാണ് ജോസ് കെ. മാണിക്ക് കേരള കോൺഗ്രസ് (എം)​ പാർട്ടി സ്വന്തമാക്കാനും രണ്ടില ചിഹ്നം തിരികെ ലഭിക്കാനും സഹായിച്ചത്. അതുകൊണ്ട് തന്നെ പാർട്ടിക്ക് ലഭിക്കുന്ന ഏക മന്ത്രിസ്ഥാനം ആർക്ക് നൽകണമെന്ന കാര്യത്തിൽ ജോസ് കെ. മാണിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. എന്നാൽ വിജയിച്ചശേഷം മന്ത്രിസ്ഥാനം സംബന്ധിച്ച ചോദ്യങ്ങൾക്ക് പാർട്ടി ചെയർമാൻ തീരുമാനിക്കുമെന്നതല്ലാതെ ഒരു വാക്ക് പോലും റോഷി പറഞ്ഞിരുന്നില്ല. പാർട്ടിയോട് എക്കാലവും പുലർത്തിയ കൂറിനുള്ള അംഗീകാരം കൂടിയായി ഈ മന്ത്രിസ്ഥാനം. 'കെ.എം. മാണി പൊതുപ്രവർത്തകർക്ക് ഒരു മാതൃക" എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് റോഷി.