തൊടുപുഴ: പാലാ ചക്കാമ്പുഴയിൽ ചെറുനിലത്തുചാലിൽ വീട്ടിൽ അഗസ്റ്റിൻ- ലീലാമ്മ ദമ്പതികളുടെ മകനായി 1969 ജനുവരി 20നാണ് റോഷി അഗസ്റ്റിന്റെ ജനനം. സ്‌കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചു. ഇടക്കോലി ഗവ. ഹൈസ്‌കൂൾ ലീഡറായിട്ടായിരുന്നു തുടക്കം. പിന്നീട് കെ.എസ്.സി (എം) യൂണിറ്റ് പ്രസിഡന്റായും പാലാ സെന്റ് തോമസ് കോളേജ് യൂണിറ്റ് പ്രസിഡന്റായും യൂണിയൻ ഭാരവാഹിയായും വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ നേതൃനിരയിലേക്കെത്തി. കെ.എം. മാണിയുടെ പ്രിയ ശിഷ്യനായി കേരളാ കോൺഗ്രസ് (എം) ഭാരവാഹിയായി മാറി. കേരളാ ലീഗൽ എയ്ഡ് അഡ്വൈസറി ബോർഡ് മെമ്പറായും രാമപുരം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായി ആദ്യകാല പ്രവർത്തനം. 1995ൽ കെ.എസ്.സി (എം) സംസ്ഥാന പ്രസിഡന്റായിരിക്കെ അഴിമതിക്കും ലഹരിവിപത്തുകൾക്കുമെതിരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 43 ദിവസം നീണ്ടുനിൽക്കുന്ന വിമോചന പദയാത്ര നടത്തിയത് ശ്രദ്ധപിടിച്ചുപറ്റി. 1996ൽ 26-ാം വയസിൽ പേരാമ്പ്രയിൽ നിന്ന് നിയമസഭയിലേക്ക് ആദ്യമായി മത്സരിച്ചു. എന്നാൽ സി.പി.എമ്മിന്റെ എൻ.കെ. രാധയോട് 2752 വോട്ടുകൾക്ക് പരാജയപ്പെട്ടു. 2001ൽ തട്ടകം ഇടുക്കിയിലേക്ക് മാറ്റിയ റോഷി സിറ്റിംഗ് എം.എൽ.എയായ സുലൈമാൻ റാവുത്തറെ ത്രികോണ മത്സരത്തിൽ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലേക്ക്. തുടർന്നുള്ള നാല് തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് സ്ഥാനാർത്ഥിയായി മികച്ച ഭൂരിപക്ഷത്തോടെ വിജയം നേടി. പാർട്ടി പിളർന്നപ്പോൾ ജോസ് കെ. മാണിക്കൊപ്പം അടിയുറച്ച് നിന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുന്നണി മാറി ഇടതുപക്ഷത്തിനൊപ്പം മത്സരിച്ചപ്പോഴും വിജയം റോഷിക്കൊപ്പമായിരുന്നു. ആ മിന്നും ജയം റോഷിക്ക് നൽകുന്നത് മന്ത്രിസ്ഥാനമാണ്. നിലവിൽ കേരളാ കോൺഗ്രസ് (എം) പാർട്ടി ഉന്നതാധികാര സമിതി അംഗവും സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നേഴ്‌സായ റാണിയാണ് ഭാര്യ. മൂത്തമകൾ ആൻമരിയ വാഴത്തോപ്പ് സെന്റ് ജോർജ്ജ് ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. രണ്ടാമത്തെ മകൾ എയ്ഞ്ചൽ മരിയ എട്ടാം ക്ലാസിലും ഇളയ മകൻ അഗസ്റ്റിൻ രണ്ടാം ക്ലാസിലും തിരുവനന്തപുരത്ത് പഠനം നടത്തുന്നു.