മൂന്നാർ:രണ്ട് വർഷത്തിന് ശേഷം മൂന്നാർ പഞ്ചായത്തിലെ പൊതുശ്മശാനം വീണ്ടും പ്രവർത്തനക്ഷമമാക്കി.ശ്മശാനത്തിനുള്ളിലെ നാലു ബർണറുകൾ, രണ്ട് ബ്ലോവർ മോട്ടോറുകൾ, ഫാനുകൾ എന്നിവ കേടായതിനെ തുടർന്നായിരുന്നു പ്രവർത്തനം നിലച്ചത്. അറ്റകുറ്റപ്പണികൾ പരിഹരിച്ച് പ്രവർത്തനക്ഷമമാക്കിയതായി ഗ്രാമപഞ്ചായത്തധികൃതർ പറഞ്ഞു. രണ്ട്ലക്ഷത്തോളം രൂപ മുടക്കിയാണ് പൊതുശ്മശാനത്തിന്റെ തകരാറുകൾ പരിഹരിച്ചത്. ശ്മശാനം അടഞ്ഞ് കിടന്നിരുന്ന നാളിൽ ആളുകൾ വലിയ തുക മുടക്കി ഗ്യാസ് സംവിധാനമെത്തിച്ചായിരുന്നു ഇവിടെ സംസ്‌ക്കാരം നടത്തിയിരുന്നത്.ദേവികുളം, പള്ളിവാസൽ തുടങ്ങി മൂന്നാറിന്റെ സമീപ പഞ്ചായത്തുകളിൽ നിന്നും ഇവിടെ മൃതദേഹങ്ങൾ സംസ്‌ക്കരിക്കാനായി എത്തിക്കാറുണ്ട്. ശാന്തിവനം എന്ന പേരിൽ പ്രവർത്തിക്കുന്ന പൊതുശ്മശാനം പ്രവർത്തനസജ്ജമായതോടെ നാളുകളായി നിലനിന്ന പരാതികൾക്കും പരിഹാരമായി.