അടിമാലി: കെ. രാധകൃഷ്ണൻ മന്ത്രിയായി വരുന്നതിന്റെ സന്തോഷത്തിലാണ് സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ നിവാസികൾ. 2010ൽ ഇടമലക്കുടി ഗ്രാമ പഞ്ചായത്ത് രൂപീകരിക്കാനുള്ള പ്രാഥമിക നടപടികൾ കൈകൊണ്ടത് നിയമസഭ സ്പീക്കർ കെ. രാധാകൃഷ്ണനായിരുന്നു. 2008 മേയ് മാസത്തിൽ ഇടമലക്കുടി സന്ദർശിച്ച സ്പീക്കർ കെ. രാധകൃഷ്ണൻ, അന്നത്തെ ജില്ലാ കളക്ടർ അശോക്‌ കുമാർ സിംഗ് എന്നിവർ നൽകിയ റിപ്പോർട്ടുകളാണ് ഇടമലക്കുടി ഗ്രാമപഞ്ചായത്തിന്റെ രൂപീകരണത്തിന്റെ വഴി തുറന്നത്. ഇടമലക്കുടി സന്ദർശിച്ച ഏക നിയമസഭ സ്പീക്കറും കെ.രാധകൃഷ്ണണനാണ്. ജല വിഭവ വകുപ്പ് ജീവനക്കാരനായ കെ.പി. സുഭാഷ് ചന്ദ്രൻ എഴുതിയ ഇടമലക്കുടിയുടെ പ്രാദേശിക ചരിത്രം 'ഇടമലക്കുടി ' എന്ന പുസ്തകത്തിന്റെ അവതാരിക എഴുതിയത് കെ രാധകൃഷ്ണനായിരുന്നു. ഈ പുസ്തകം പിന്നീട് പി.ആർ.ഡി. പ്രസിദ്ധീകരിക്കുകയുണ്ടായി. ഇടമലക്കുടി നിവാസികൾക്ക് പ്രയോജനകരമായ മൂന്നാറിലെ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ആരംഭിച്ചത് കെ. രാധകൃഷ്ണൻ പട്ടികജാതി പട്ടിക വർഗ്ഗക്ഷേമ വകുപ്പ് മന്ത്രിയായിരിക്കെയാണ്.