തൊടുപുഴ: ട്രിപ്പിൾ ലോക്ക്‌ ഡൗണിന്റെ പശ്ചാത്തലത്തിൽ പാൽ സംഭരണം നിറുത്തിവയ്ക്കരുതെന്നും ഉച്ചകഴിഞ്ഞ് പാൽ എടുക്കേണ്ട എന്ന നിലപാട് ക്ഷീര കർഷകർക്ക് താങ്ങാനാവാത്ത ഭാരം സൃഷ്ടിക്കുമെന്നും കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് പറഞ്ഞു. 25 ലക്ഷത്തിലധികം പേരാണ് ക്ഷീരമേഖലയെ ആശ്രയിച്ചു കഴിയുന്നത്. പാലിൽ നിന്നുള്ള വരുമാനം കൊണ്ടു മാത്രം ജീവിക്കുന്ന ഒട്ടേറെപ്പേരെ ബാധിക്കുന്ന വിഷയമായതിനാൽ സർക്കാർ അടിയന്തര നടപടി കൈക്കൊള്ളണം. മിൽമ ഉൾപ്പെടെയുള്ള സംഘങ്ങൾ പാൽ എടുക്കുന്നതു നിറുത്തിവെച്ച നടപടി പിൻവലിക്കണം. പാൽപ്പൊടി ഉൾപ്പെടെയുള്ള പാലുത്പന്നങ്ങൾ നിർമിച്ച് വിപണിയിൽ എത്തിക്കാനും കഴിയണം. ഹോട്ടലുകൾ അടക്കമുള്ള സ്ഥാപനങ്ങളിലേക്കുള്ള പാൽ കച്ചവടം കൊവിഡു മൂലം നിലച്ചിരിക്കുകയാണ്. 16 ലക്ഷത്തിലധികം ലിറ്റർ പാൽ ഇവിടെ സംഭരിക്കുമ്പോൾ അതു വിറ്റഴിക്കുന്നതിനും നിയന്ത്രണങ്ങളിൽ ഇളവു നൽകണം. സംഭരണത്തിൽ കുറവു വന്നാൽ കർഷകർക്കു പിടിച്ചു നിൽക്കാനാവില്ല. ക്ഷീര കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ പുതിയ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.