പതിനഞ്ചാം കേരള നിയമ സഭയിൽ കേരളാ കോൺഗ്രസ്സ് (എം) പ്രതിനിധിയായി ഇടുക്കിയിൽ നിന്നും വിജയിച്ച റോഷി അഗസ്റ്റിന് മന്ത്രി സ്ഥാനം നൽകാനുള്ള തീരുമാനം എൽ.ഡി.എഫ് ജില്ലയ്ക്ക് നൽകുന്ന അംഗീകാരമാണ്.ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ചു വളർന്ന് ഇടുക്കിയുടെ ജനപ്രതിനിധിയായി പലവട്ടം പ്രവർത്തിച്ച് റോഷിക്ക് ഇടുക്കി ജില്ലയോട് പ്രത്യേക പരിഗണന നൽകി പ്രവർത്തിക്കാൻ കഴിയും. കാർഷിക മേഖലയിലെ തകർച്ചയും പ്രശ്നങ്ങളും അടിസ്ഥാന വികസനവും ഉൾപ്പെടെ നിരവധിയായ പ്രശ്‌നങ്ങൾക്ക് നിരന്തരമായ പോരാട്ടം നടത്തിയിരുന്ന ജനകീയനായ ജനപ്രതിനിധിയാണ് റോഷി അഗസ്റ്റിൻ. കേരളാ കോൺഗ്രസ് (എം) പ്രതിനിധിയായി റോഷി അഗസ്റ്റിൻ മന്ത്രിയാകുന്നത് ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത് . ഇടുക്കി പാക്കേജ് ഉൾപ്പെടെയുള്ള സർക്കാർ പ്രഖ്യാപിച്ച പദ്ധതികളും ജില്ലയിലെ കർഷകർ നേരിടുന്ന പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് സജീവമായി ഇടപെടാൻ മന്ത്രിയെന്ന നിലയിൽ റോഷി അഗസ്റ്റിന് സാധിക്കും. സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ അറിഞ്ഞുകൊണ്ട് മികച്ച പ്രവർത്തനം കാഴ്ച വെയ്ക്കുവാനും അദ്ദേഹത്തിന് കഴിയും എന്നുറപ്പാണ് .
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും മികച്ച മുന്നേറ്റം കുറിക്കാൻ ഇടുക്കി ജില്ലക്ക് കഴിഞ്ഞത് എൽ.ഡി.എഫിന്റെ ഒറ്റക്കെട്ടായ പ്രവർത്തനത്തിലൂടെയാണ് . കേരള കോൺഗ്രസ്സ് (എം) ന്റെ വരവോടെ എൽ. ഡി. എഫിന് സംസ്ഥാനത്ത് തുടർഭരണമെന്ന ചരിത്ര നേട്ടത്തിനുള്ള അംഗീകാരം കൂടിയാണ് രണ്ട് ക്യാബിനറ്റ് റാങ്കുകൾ നൽകിയുള്ള എൽ.ഡി.എഫ് നേതൃയോഗ തീരുമാനം.
യു ഡി എഫിന്റെ ആധിപത്യമെന്ന് വിശ്വസിച്ചിരുന്ന സ്ഥലങ്ങളിൽ പോലും യു.ഡി.എഫിനുണ്ടായ തകർച്ചയിലൂടെ കേരളാ കോൺഗ്രസ്സ് (എം) ന്റെ ശക്തി കൂടിയാണ് വ്യക്തമാക്കുന്നത്. ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയെ പ്രതിരോധിക്കാൻ കേരള സർക്കാർ സ്വീകരിച്ചുവരുന്ന നടപടികൾ രാജ്യത്തിനുതന്നെ മാതൃകയാണ്. ദുരന്തങ്ങളിലും ദുരിതങ്ങളിലും ജനങ്ങളോടൊപ്പം നിലകൊള്ളുകയും സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിയുകയും ചെയ്തതിന് ജനങ്ങൾ നൽകിയ അംഗീകാരമാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫിന്റെ വൻവിജയംവ്യക്തമാക്കുന്നത്. കഴിവും പ്രാപ്തിയുമുള്ള മന്ത്രിമാരെ കർമ്മ രംഗത്തിറക്കുന്നതിലൂടെ മികവുറ്റ ഭരണമാണ് ഇടതു പക്ഷ ജനാധിപത്യ മുന്നണി ജനങ്ങൾക്ക് ഉറപ്പു നൽകുന്നത്.

ജോസ് പാലത്തിനാൽ

ജില്ലാ പ്രസിഡന്റ്

കേരളാ കോൺഗ്രസ്സ് (എം)