തൊടുപുഴ: റോഷി അഗസ്റ്റിൻ സംസ്ഥാന ജലവിഭവ വകുപ്പിന്റെ മന്ത്രിയായി ചുമതല ഏറ്റെടുക്കുമ്പോൾ തൊടുപുഴ നിവാസികൾ ഏറെ പ്രതീക്ഷയിലാണ്. ഇടുക്കി നിയോജക മണ്ഡലത്തെയാണ് റോഷി പ്രതിനിധാനം ചെയ്യുന്നതെങ്കിലും ജില്ലയുടെ സ്വന്തം മന്ത്രി എന്ന നിലയിലും തൊടുപുഴയും സമീപ പ്രദേശങ്ങളുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധവുംഏറെ ഗുണ.കരമാകും..വേനൽ മുഴുവൻ നിറഞ്ഞൊഴുകുന്ന തൊടുപുഴ ആറിന്റെയും മലങ്കര അണക്കെട്ടിന്റേയും ചുറ്റുമുള്ള തൊടുപുഴ നഗരസഭ ഉൾപ്പടെയുള്ള 13 പഞ്ചായത്തുകളിലും വേനൽക്കാലങ്ങളിൽ കുടിവെള്ള ക്ഷാമം അതി രൂക്ഷമാണ്.വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന അവസ്ഥ ഇതാണ്.തൊടുപുഴ ആറ്റിൽ നിന്നും മലങ്കര അണക്കെട്ടിൽ നിന്നും വിവിധ ഏജൻസികൾ ചെറുതും വലുതുമായ അഞ്ഞൂറിൽപ്പരം കുടിവെള്ള പദ്ധതികൾ സ്ഥാപിച്ചിട്ടുണ്ട്.എന്നാൽ മിക്കവാറും പദ്ധതികളും കൃത്യമായ മോണിട്ടറിങ്ങും നവീകരണവും ഇല്ലാത്തതിനാൽ കാലാഹരണപ്പെട്ട അവസ്ഥയിലുമാണ്.കേന്ദ്ര -സംസ്ഥാന സർക്കാരുകൾ,തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ,മറ്റ് വിവിധ ഏജൻസികൾ എന്നിങ്ങനെയുള്ള വിവിധ ഫണ്ടുകൾ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ഓരോ വർഷവും ഉപയോഗിക്കുന്നണ്ടെങ്കിലും അതെല്ലാം പൂർണ്ണ പരിഹാരം ആകുന്നുമില്ല.
വേനലിന് മുമ്പേ
പ്രതിസന്ധി തുടങ്ങും
ഓരോ വർഷവും വേനലിന്റെ തുടക്കത്തിൽ തന്നെ തൊടുപുഴ നഗരസഭയിലെയും സമീപ പഞ്ചായത്ത് പ്രദേശങ്ങളിലെയും ജനങ്ങൾ കുടിവെള്ളം കിട്ടാനില്ലാതെ പരക്കം പായുന്ന സ്ഥിതിയാനുള്ളത്. ഉൾപ്രദേശങ്ങളിൽ കുടുംബമായി താമസിക്കുന്നവരെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്.
ചെറിയ ഓലികളിൽ നിന്നും, മറ്റ് നീർ ചാലുകളിൽ നിന്നും കിലോ മീറ്ററുകൾ ദൂരത്തിൽ പൈപ്പുകൾ സ്ഥാപിച്ചും,കലത്തിലും ബക്കറ്റിലും തലച്ചുമടായും, മലിന ജലം കെട്ടി കിടക്കുന്ന ഇടങ്ങളിൽ നിന്നും കുടിവെള്ളം ശേഖരിക്കുന്ന സ്ഥലങ്ങൾ ഇപ്പോഴും തൊടുപുഴ താലൂക്കിലുണ്ട്. ജില്ലയിൽ നിന്ന് ജലവിഭവ വകുപ്പിന്റെ മന്ത്രി ആകുന്ന റോഷി അഗസ്റ്റിൻ കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാ മേഖലകളിലും ശ്രദ്ധ നൽകും എന്ന പ്രതീക്ഷയാണുള്ളത്.