vollyball
വാഴത്തോപ്പിൽ യുവാക്കളോടൊപ്പം വോളിബാൾ കോർട്ടിൽ റോഷി അഗസ്റ്റ്യൻ

ചെറുതോണി: എതിരാളികൾക്ക് മീതെ മിന്നൽ പിണരുകൾ തീർത്ത സ്മാഷുകൾ പായിച്ച എം ജി യൂണിവേഴ്‌സിറ്റിയുടെ വോളി ബോൾ താരം ഇനി കേരളത്തിന്റെ ജലവിഭവ മന്ത്രി. മൂന്ന് പതിറ്റാണ്ടുകൾ പിന്നിലേക്ക് പോയാൽ പല സായാഹ്നങ്ങളിലും എം ജി യുണിവേഴ്‌സിറ്റിയുടെ വോളി ബോൾ മത്സരങ്ങളിൽ റോഷി അഗസ്റ്റിന്റെ ജംബാൻ സെർവറുകൾ കോർട്ടുകളിൽ ഇടി മുഴക്കങ്ങൾ തീർത്തിരുന്നു എന്നാണ് സുഹൃത്തുക്കൾ പങ്ക് വയ്ക്കുന്നത്.
വോളിബോളിനെ ഏറെ ഇഷ്ടപ്പെട്ടിരുന്ന റോഷി
സ്‌കൂൾ കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിൽ കോർട്ടിലെ മിന്നും താരമായിരുന്ന റോഷി അഗസ്റ്റിൻ മന്ത്രി പദത്തിലെത്തിയിരിക്കുകയാണ്. ഇടുക്കിയുടെ ജനപ്രതിനിധിയായി 2001ൽ എത്തിയപ്പോഴും റോഷിയുടെ മനസ്സിൽ വോളിബാൾ കമ്പം നിലനിൽക്കുന്നുണ്ടായിരുന്നു. ചെറുതോണി ജംഗ്ഷന് പിന്നിലായി ആറിനോട് ചേർന്നഭാഗം ഒരുക്കിയെടുത്തു ഗാലറി കെട്ടി വോളിബാൾ മത്സരം നടത്തിയത് ആർക്കും മറക്കാൻ കഴിയുന്നതല്ല. തുടർന്ന് വാഴത്തോപ്പിൽ വോളിബോൾ അക്കാദമി ആരംഭിക്കാനായി. കെ എസ് ഇ ബി യുടെ താൽക്കാലിക കെട്ടിടത്തിൽ ആരംഭിച്ച അക്കാദമി ഇടുക്കി ഡാമിന് സമീപം മികച്ച സൗകര്യങ്ങൾ ഒരുക്കി. ഇൻഡോർ ഔട്ട്‌ഡോർ സൗകര്യങ്ങളോടെ ഹോസ്റ്റൽ ഒരുക്കി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിവരികയാണ്.
ഇടുക്കിയിൽ നിന്നും തൊടുപുഴക്കുള്ള യാത്രയിൽ കാഞ്ഞാറിൽ വോളിബോൾ കളി നടക്കുമ്പോൾ പലപ്പോഴും അവരിൽ ഒരാളായി ചേരുന്നത് കാണാമായിരുന്നു. തിരക്കിട്ട ഇലക്ഷൻ പ്രചാരണത്തിനിടയിലും വാഴത്തോപ്പ് ഗിരിജ്യോതി ഗ്രൗണ്ടിൽ പന്ത് കളിച്ചുകൊണ്ടിരുന്ന യുവാക്കളോടൊപ്പം ചേർന്ന് പന്ത് കറക്കി യുവാക്കളെ ആശ്ഛര്യപ്പെടുത്തിയ അദ്ദേഹത്തിന്റെ സ്‌പോർട്മാൻ സ്പിരിറ്റ് ഏറെ പ്രശംസ പിടിച്ച്പറ്റിയിരുന്നു.