തൊടുപുഴ: മഴക്കാറ് കണ്ടാൽ വൈദ്യുതി പോകുന്ന നാടാണ് നമ്മുടേതെന്ന് തമാശയായി പറയാറുണ്ട്. എന്നാൽ മഴയിലും കാറ്റിലും മരം വീണും മറ്റും വൈദ്യുതി പോസ്റ്റും ലൈനും തകരാറിലാകുന്നത് നന്നാക്കുന്നതെങ്ങനെയെന്ന് മാത്രം ആരും ചിന്തിക്കാറില്ല. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ കേരള ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാർ തകരാറിലായ വൈദ്യുതി പുനഃസ്ഥാപിക്കാൻ കഷ്ടപ്പെടുകയാണ്. നാശനഷ്ടങ്ങൾ വർദ്ധിച്ചതോടെ റിസർവ്ഡ് ജീവനക്കാർ, കോൺട്രാക്ട് വ്യവസ്ഥയിൽ ജോലി ചെയ്യുന്നവരടക്കം വിവിധ വിഭാഗങ്ങളിൽ നിന്ന് പരമാവധി ആളുകളെ തിരിച്ചു വിളിച്ചാണ് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിക്കുന്നത്. കൂടാതെ വിവിധ പ്രദേശങ്ങളിൽ സമയാസമയം എത്തുന്നതിനായി കൂടുതൽ വാഹനങ്ങളും വകുപ്പ് നിരത്തിലിറക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കൃത്യമായി ഭക്ഷണം കഴിക്കാനോ, വീടുകളിൽ പോകാനോ സാധിക്കാതെ ജോലി തുടരുകയാണെന്ന് ജീവനക്കാർ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തൊടുപുഴ നഗരത്തിലടക്കം വ്യാപകമായി മരങ്ങൾ വീണുണ്ടായ പ്രശ്‌നങ്ങൾ രാത്രി മുഴുവൻ അദ്ധ്വാനിച്ചാണ് പൂർണമായി പരിഹരിക്കാനായത്. ഹൈറേഞ്ചിലെ പല സ്ഥലങ്ങളിലുമിത് ഒരു ദിവസത്തിലേറെയെടുത്തു. മഴ മുന്നിൽ കണ്ട് വൻ മരങ്ങൾ വെട്ടി മാറ്റുന്നതിൽ സ്വകാര്യ വ്യക്തികളും പി.ഡബ്ല്യു.ഡിയും കാണിച്ച അലംഭാവമാണ് നിലവിൽ സ്ഥിതി ഗുരുതരമാക്കിയതെന്ന് ആരോപണമുണ്ട്. സമയാസമയം മരങ്ങൾ മുറിച്ച് മാറ്റി പകരം തൈകൾ വെച്ചു പിടിപ്പിച്ചിരുന്നെങ്കിൽ സ്ഥിതി ഒരു പരിധിവരെ നിയന്ത്രണ വിധേയമാകുമായിരുന്നു. ടച്ചിംഗ് വെട്ട് സമയത്ത് പോലും പല സ്വകാര്യ വ്യക്തികളും തങ്ങളോട് സഹകരിക്കാറില്ലായിരുന്നെന്ന് ജീവനക്കാർ പറയുന്നു. എന്നാൽ കാറ്റും മഴയും എത്തിയതോടെ എല്ലാവരും ശിഖരം വെട്ടാൻ വിളിക്കുകയാണ്. എന്നാൽ വലിയ മരങ്ങളുടെ ശിഖരം മാത്രം മുറിച്ച് വിടുന്നത് വലിയ അപകടമാണ് ക്ഷണിച്ചു വരുത്തുന്നത്. മരത്തിന്റെ ബാലൻസിനെ ഇത് പ്രതികൂലമായി ബാധിക്കും. മണ്ണ് അധികമായി നനയുന്നതോടെ സന്തുലിതാവസ്ഥയില്ലാത്ത മരങ്ങൾ ചാഞ്ഞ് നിലം പതിക്കും. അതിനാൽ പഴയ മരങ്ങൾ മുറിച്ച് മാറ്റി പകരം പുതിയ തൈകൾ നടുന്നതാണ് അഭികാമ്യമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
കൊവിഡുണ്ടെങ്കിൽ മറയ്ക്കരുത്
വൈദ്യുതി ലൈനുകളിലെ പ്രശ്‌നപരിഹാരത്തിനായി ജീവനക്കാരെ വിളിച്ചുവരുത്തുമ്പോൾ, വീടുകളിൽ കൊവിഡ് രോഗിയുണ്ടെങ്കിൽ വിവരം മറച്ചുവെയ്ക്കരുതെന്ന് ജീവനക്കാർ അഭ്യർത്ഥിക്കുന്നു. മീറ്റർ റീഡിംഗിനും അറ്റകുറ്റപ്പണികൾക്കും വീടുകളിലെത്തുമ്പോഴാണ് രോഗികളുള്ള വിവരം പലപ്പോഴും വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അത്തരത്തിൽ ദുരനുഭവങ്ങളുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ജീവനക്കാർ സോഷ്യൽ മീഡിയ വഴി ഉൾപ്പെട അഭ്യർത്ഥനയിറക്കിയത്. രോഗിയുള്ള വീട്ടിലെത്തുന്ന ജീവനക്കാരൻ പോസ്റ്റിൽ കയറാൻ ഉൾപ്പടെ പി.പി.ഇ കിറ്റ് ധരിക്കേണ്ടതുണ്ട്. ചുരുങ്ങിയത് രണ്ട് ജീവനക്കാർ വേണ്ടി വരും. ഒരു വീട്ടിൽ ഉപയോഗിച്ച പി.പി.ഇ കിറ്റ് അടുത്ത സ്ഥലത്ത് ഉപയോഗിക്കാനാവില്ല. ഉപയോഗ ശേഷം വീടുകളിൽ പോയി കുളിച്ച ശേഷമാണ് ജീവനക്കാർ അടുത്ത സ്ഥലത്തേക്ക് പോകേണ്ടത്. ബുദ്ധിമുട്ടുകൾ മനസിലാക്കി സഹകരിക്കാനും രോഗവ്യാപനമുണ്ടാകാതിരിക്കാനും ജനങ്ങൾ സഹകരിക്കണമെന്നാണ് കെ.എസ്.ഇ.ബിക്കാരുടെ അപേക്ഷ.