തൊടുപുഴ: വകുപ്പേതായാലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന റോഷി അഗസ്റ്റിൻ. ഔദ്യോഗിക പ്രഖ്യാപനമായില്ലെങ്കിലും ജലവിഭവ വകുപ്പാണ് കേരള കോൺഗ്രസിന് (എം) നൽകിയിരിക്കുന്നതെന്നാണ് വാർത്തകൾ. കഴിഞ്ഞ ടേമിൽ ജെ.ഡി.എസിലെ കൃഷ്ണൻകുട്ടി കൈകാര്യം ചെയ്തിരുന്ന വകുപ്പാണിത്. മുല്ലപ്പെരിയാറടക്കമുള്ള സങ്കീർണവിഷയങ്ങൾ ജലവിഭവ വകുപ്പിന് കീഴിലാണ് വരിക. ജനങ്ങളുമായി വളരെയധികം ബന്ധമുള്ള വകുപ്പ് കൂടിയായതിനാൽ റോഷിക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകും. ഇരുപത് വർഷം ജനപ്രതിനിധിയെന്ന നിലയിൽ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച പരിചയം മന്ത്രിയാകുമ്പോൾ ഗുണം ചെയ്യും.നാല് തവണ നിയമസഭാംഗമായതിന്റെ അനുഭവസമ്പത്ത് മന്ത്രിയെന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാകും.നിയമസഭയിൽ വിവിധ കമ്മറ്റികളിൽ അംഗമെന്ന നിലയിൽ ഒട്ടെല്ലാ വകുപ്പുകളെക്കുറിച്ചും
ആഴത്തിലുള്ള അറിവ് കാബിനറ്റിൽ റോഷിക്ക് തിളങ്ങുന്നതിന് അവസരം ഒരുക്കും.
തുടക്കം സ്കൂൾ ലീഡറായി
സ്‌കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചയാളാണ് റോഷി. ഇടക്കോലി ഗവ. ഹൈസ്‌കൂൾ ലീഡറായിട്ടായിരുന്നു തുടക്കം. പിന്നീട് കെ.എസ്.സി (എം) യൂണിറ്റ് പ്രസിഡന്റായും പാലാ സെന്റ് തോമസ് കോളേജ് യൂണിറ്റ് പ്രസിഡന്റായും യൂണിയൻ ഭാരവാഹിയായും വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ നേതൃനിരയിലേക്കെത്തി. കെ.എം. മാണിയുടെ പ്രിയ ശിഷ്യനായി കേരളാ കോൺഗ്രസ് (എം) ഭാരവാഹിയായി മാറി. കേരളാ ലീഗൽ എയ്ഡ് അഡ്വൈസറി ബോർഡ് മെമ്പറായും രാമപുരം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായി ആദ്യകാല പ്രവർത്തനം. 1995ൽ കെ.എസ്.സി (എം) സംസ്ഥാന പ്രസിഡന്റായിരിക്കെ അഴിമതിക്കും ലഹരിവിപത്തുകൾക്കുമെതിരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 43 ദിവസം നീണ്ടുനിൽക്കുന്ന വിമോചന പദയാത്ര നടത്തിയത് ശ്രദ്ധപിടിച്ചുപറ്റി. 1996ൽ 26ാം വയസിൽ പേരാമ്പ്രയിൽ നിന്ന് നിയമസഭയിലേക്ക് ആദ്യമായി മത്സരിച്ചു. 2001ൽ തട്ടകം ഇടുക്കിയിലേക്ക് മാറ്റിയ റോഷി പിന്നെ എന്നും വിജയത്തേരിലായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുന്നണി മാറി ഇടതുപക്ഷത്തിനൊപ്പം മത്സരിച്ചപ്പോഴും വിജയം റോഷിക്കൊപ്പമായിരുന്നു. ആ മിന്നും ജയം റോഷിക്ക് നൽകുന്നത് മന്ത്രിസ്ഥാനമാണ്. നിലവിൽ കേരളാ കോൺഗ്രസ് (എം) പാർട്ടി ഉന്നതാധികാര സമിതി അംഗവും സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്.