ഇടുക്കി :ജില്ലയിലെ വിവിധ പഞ്ചായത്ത് പരിധിയിൽ നിർമ്മിച്ചിട്ടുള്ള പടുത കുളങ്ങൾ ഉൾപ്പെടെ വെള്ളം കെട്ടിനിർത്തിയിരിക്കുന്ന നിർമിതികളിൽ കാലവർഷക്കാലത്ത് അപകട സാദ്ധ്യതയുള്ളതിനാൽ ചുറ്റുവേലി കെട്ടി സുരക്ഷിതമാക്കാൻ ജില്ലാ ദുരന്ത നിവാരണ സമിതി നിർദ്ദേശിച്ചു. ഇവയിൽ നിന്നും വെള്ളം നിയന്ത്രിത അളവിൽ തുറന്നു വിടുന്നതിനും ജില്ലാ ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. പടുതാക്കുളങ്ങൾ, വെള്ളം കെട്ടി നിർത്തിയിരിക്കുന്ന മറ്റു നിർമ്മിതികൾ എന്നിവമൂലം ജീവനും സ്വത്തിനും അപകടം സംഭവിക്കാതിരിക്കാൻ അവയ്ക്ക് ചുറ്റും സുരക്ഷാ വേലികൾ നിർമിക്കുന്നതിനും വെള്ളം നിയന്ത്രിത അളവിൽ ഒഴുക്കി കളയുന്നതിനും അവയുടെ ഉടമസ്ഥരോട് കർശനമായി നിർദ്ദേശിച്ചു. ഈ നിർദേശം പാലിക്കാതിരിക്കുന്ന വസ്തു ഉടമകൾക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടികൾ സ്വീകരിക്കുന്നതാണ്. ഓരോ താലൂക്കിലെയും പടുതാക്കുളങ്ങൾ / ജലസംഭരണികൾ എന്നിവയെ സംബന്ധിക്കുന്ന വിവരങ്ങൾ താഴെ പറയുന്ന ഫോൺ നമ്പറിൽ വിളിച്ച് അറിയിക്കാം.
തൊടുപുഴ താലൂക്ക് 9895082650, പീരുമേട് താലൂക്ക് 8086007520, ദേവികുളം താലൂക്ക് 9495506413, ഇടുക്കി താലൂക്ക്9947575877, ഉടുമ്പൻചോല താലൂക്ക് 9961795012
ജീവനക്കാരുടെ സ്ഥിരതാമസ വിവരം നൽകണം
ഇടുക്കി: ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജോലിക്ക് ഹാജരാകാൻ കഴിയാത്ത സർക്കാർ ജീവനക്കാരെയും അധ്യാപകരേയും കോവിഡ് അനുബന്ധ സേവനങ്ങൾക്കായി ജില്ലാ കളക്ടർമാർക്ക് കീഴിൽ വിന്യസിക്കുന്നതിന് ജില്ലയിലെ എല്ലാ വകുപ്പുകളിലേയും ജില്ലാ മേധാവികൾ കീഴിലുള്ള ജീവനക്കാരുടെ സ്ഥിരതാമസ വിവരങ്ങൾ രണ്ടു ദിവസത്തിനകം stafflistidukki@gmail.com എന്ന ഇമെയിൽ വിലാസത്തിൽ എക്‌സൽ ഫോർമാറ്റിൽ ലഭ്യമാക്കണം. ഗർഭിണികൾ, ഒരു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് മുലയൂട്ടുന്ന അമ്മമാർ, കാൻസർ രോഗികൾ, ഡയാലിസിസ് / അവയവ മാറ്റ ശസ്ത്രക്രിയക്ക് വിധേയരായവർ / വിധേയമാകാൻ പോകുന്നവർ, മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടേയും, സെറിബ്രൽ പാൾസി, ഓട്ടിസം തുടങ്ങിയ ഗുരുതര രോഗം ബാധിച്ച കുട്ടികളുള്ള രക്ഷിതാക്കളായ ജീവനക്കാരുടേയും വിവരങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടതില്ല. നിർദ്ദേശം പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന ജീവനക്കാർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ സമിതി അദ്ധ്യക്ഷൻ ജില്ലാ കലക്ടർ എച്ച് ദിനേശൻ അറിയിച്ചു.