frog

തൊടുപുഴ: അപൂർവമായി കാണുന്ന പാതാള തവളയെ കലയന്താനിക്ക് സമീപത്തെ പറമ്പുകാട്ട് മലയിൽ കണ്ടെത്തി. മുതലക്കോടം സ്വദേശി നീറനാൽ ബേബിയുടെ പുരയിടത്തിലാണ് സഹ്യപർവതനിരകളിൽ കാണപ്പെടുന്ന പന്നിമൂക്കൻ തവളയെന്ന് അറിയപ്പെടുന്ന ഇവയെ കണ്ടത്. സൂഓഗ്ലോസിഡായെ കുടുംബത്തിൽപ്പെടുന്ന ഇത്തരം തവളകൾ ജീവിച്ചിരിക്കുന്ന ഫോസിലായാണ് കണക്കാക്കപ്പെടുന്നത്. മഡഗാസ്‌കറിലും സെഷെയ്ൽസ് ദ്വീപുകളിലുമാണ് ഇത്തരം തവളകളുടെ വർഗത്തിൽപ്പെട്ടവയെ കൂടുതലായും കണ്ടുവരുന്നത്. 2003ലാണ് ഇടുക്കി ജില്ലയിൽ ഇത്തരം തവളകളെ ആദ്യം കണ്ടെത്തിയത്. പിന്നീട് കോതമംഗലം, എരുമേലി, പാലക്കാട് സൈലന്റ് വാലി, തൃശൂരിലെ പട്ടിക്കാട്, തമിഴ്‌നാട്ടിൽ ആനമലയിലെ ശങ്കരൻകുടി എന്നിവിടങ്ങളിലും കണ്ടെത്തി.


നേരത്തെ നാസികാബത്രക്കായെ കുടുംബത്തിലാണ് ഇവയെ ഉൾപ്പെടുത്തിയിരുന്നതെങ്കിലും, പിന്നീട് ഇവ സെയ്‌ഷെൽസ് ദ്വീപുകളിൽ കണ്ടുവരുന്ന സൂഓഗ്ലോസിഡായെ കുടുംബത്തിൽപ്പെടുന്നവയാണെന്ന് തിരിച്ചറിഞ്ഞു. ഏകദേശം ഏഴ് സെന്റിമീറ്റർ വരെ നീളമുള്ള ഇവ മണ്ണിനടിയിലാണ് ജീവിതത്തിന്റെ മുഖ്യഭാഗവും ചെലവഴിക്കുന്നത്. മണ്ണിനടിയിലുള്ള ചിതലുകളാണ് മുഖ്യാഹാരം. എന്നാൽ മൺസൂൺ കാലയളവിൽ പ്രത്യുത്പാദനസമയത്ത് രണ്ടാഴ്ചയോളം ഇവ മണ്ണിനടിയിൽ നിന്ന് പുറത്തേക്കു വരും. തവളയുടെ വാൽമാക്രി ഘട്ടം കഴിഞ്ഞാൽ പാതാള തവള മണ്ണിനടിയിലേക്കു പോകും. പിന്നീട് വർഷത്തിൽ ഒരിക്കൽ മാത്രമാണ് പുറത്തു വരുന്നത്. പർപ്പിൾ നിറവും ഏകദേശം ഏഴു സെന്റീമീറ്റർ നീളവുമുള്ള തടിയനെയാണ് പിടികൂടിയത്.