കുമളി: റോസാപ്പൂക്കണ്ടം ദ്രാവിഡ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. കൊവിഡ് മഹാമാരി മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിന് ഭാഗമായാണ് ലൈബ്രറിയുടെ നേതൃത്വത്തിൽ ആദ്യഘട്ടമെന്ന നിലയിൽ അഞ്ച് കിലോ വീതം തൂക്കമുള്ള 250 കിറ്റുകൾ വിതരണം നടത്തിയത്. പദ്ധതിയുടെ ഉദ്ഘാടനം ഇടുക്കി ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ആർ. തിലകൻ കുമളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന് കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് ഇ.എൻ. കേശവൻ അദ്ധ്യക്ഷനായിരുന്നു. പുറത്തുനിന്നുള്ള സഹായം സ്വീകരിക്കാതെ ലൈബ്രറിയുടെ ഫണ്ടിൽ നിന്നാണ് കാൽ ലക്ഷം രൂപയോളം ചെലവഴിച്ച് കിറ്റ് കിറ്റ് വിതരണം നടത്തിയത്. ചടങ്ങിൽ പഞ്ചായത്തംഗങ്ങളായ എ. കബീർ, രമ്യ മോഹൻ, ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം കവിത സമ്പത്ത് കുമാർ, കെ.ജെ. ദേവസ്യ എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി കെ.എ. അബ്ദുൽ റസാഖ് സ്വാഗതവും വി.കെ. ഷിബു നന്ദിയും പറഞ്ഞു. ചടങ്ങിൽ അക്ഷര സേനയുടെ ഉദ്ഘാടനവും നിർവഹിച്ചു. വരുംദിവസങ്ങളിൽ കൂടുതൽ പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്ന് ദ്രാവിഡ ലൈബ്രറി ഭാരവാഹികൾ അറിയിച്ചു.