മൂന്നാർ. ലോക്കാട് ഗ്യാപ്പ് റോഡിൽ വീണ്ടും പാറകൾ അടർന്നു വീണു. കഴിഞ്ഞയാഴ്ച പെയ്ത ശക്തമായ മഴയിലായിരുന്നു പാറകൾ അടർന്നു റോഡിലേക്ക് പതിച്ചത്. നൂറ് അടിയോളം ഉയരത്തിൽ നിന്നുള്ള മലയിൽ നിന്നുമാണ് കൂറ്റൻ പാറകൾ റോഡിലേക്ക് പതിച്ചിട്ടുള്ളത്. ഇപ്പോൾ പണികൾ നടക്കുന്നതിൽ നിന്ന് അകലെ മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ദുരന്തം ഒഴിവായി. ഇതിനു അല്പം ദൂരത്തായി മാത്രമാണ് ദേശീയപാതാ വികസനത്തിന്റെ ഭാഗമായി തൊഴിലാളികൾ ജോലി ചെയ്തു വന്നിരുന്നത്. മണ്ണിടിച്ചിൽ ഉണ്ടായിട്ട് നാലു ദിവസമായെങ്കിലും ഈ ഭാഗത്തേക്കുള്ള ഗതാഗതം വിലക്കിയതു കാരണം സംഭവം പുറംലോകമറിയാൻ വൈകി. വൻ പാറകൾ തുടർച്ചയായി താഴേയ്ക്കു പതിക്കുന്നത് മലയടിവാരത്തിലെ ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നർ ഭീതിയോടെയാണ് കഴിയുന്നത്. കൊച്ചി- ധനുഷ്‌കോടി ദേശീയപാതാ 85 ന്റെ വികസനത്തിന്റെ ഭാഗമായുള്ള പണികൾ ആരംഭിച്ച ശേഷം ഇത് അഞ്ചാം തവണയാണ് വലിയ തോതിലുള്ള മണ്ണിടിച്ചിൽ ഉണ്ടാകുന്നത്. 2019ൽ കൂറ്റൻ പാറകൾ താഴേച്ച് പതിച്ച് അടിവാരത്തിലെ നിരവധി വീടുകൾ നശിക്കുകയും ഏക്കറു കണക്കിന് കൃഷിഭൂമി നശിക്കുകയും ചെയ്തിരുന്നു. അനധികൃതമായും അശാസ്ത്രീയമായും പാറകൾ ഖനനം ചെയ്തതുമൂലമാണ് ഇത്തരത്തിൽ അപകടങ്ങൾ ഉണ്ടാകാൻ കാരണമെന്ന് എൻ.ഐ.ടി സംഘം സ്ഥലം സന്ദർശിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി റോഡ് പണി പുനരാരംഭിക്കുകയും ചെയ്തു. കഴിഞ്ഞ ജനുവരിയിൽ റോഡ് പണി പൂർത്തിയാക്കി ഗതാഗതത്തിന് തുറക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇടയ്ക്കുണ്ടായ മണ്ണിടിച്ചിൽ വീണ്ടും പ്രശ്‌നമുണ്ടാക്കി. വീടും കൃഷിഭൂമിയും നഷ്ടപ്പെട്ടവർ നഷ്പരിഹാരം ആവശ്യപ്പെട്ട് പ്രതിഷേധമുയർത്തുകയും കൂടി ചെയ്തതോടെ വീണ്ടും പണികൾ തടസപ്പെട്ടു. മാസങ്ങൾക്കു മുമ്പു മാത്രമാണ് കർഷകരുടെ നഷ്ടപരിഹാരം കരാറുകാർ നൽകാൻ തയ്യാറായത്. പല തവണകളായി നടന്ന അപകടങ്ങൾ മൂലം നേരത്തെയുണ്ടായിരുന്ന റോഡ് പൂർണമായും തകർന്നിരുന്നു. ഇതിനു സമാന്തരമായി പാറകൾക്കു മുകളിൽ പല തട്ടുകളായി കോൺക്രീറ്റ് ഭിത്തികൾ കെട്ടിപ്പൊക്കി അതിനു മുകളിലാണ് പുതിയ റോഡ് നിർമ്മിക്കുന്നത്.