
തൊടുപുഴ: വീടുകളിൽ സൗകര്യമില്ലാത്ത കൊവിഡ് രോഗികൾക്ക് ഊട്ടുപുരയിൽ നിരീക്ഷണ സൗകര്യമൊരുക്കി കാഞ്ഞിരമറ്റം ശ്രീ മഹാദേവക്ഷേത്രം. ഇതിനൊപ്പം ഒരു വാഹനം കൂടി വാങ്ങി കൊവിഡ് കാല പ്രതിസന്ധികളിൽ വലയുന്നവർക്കായി ക്ഷേത്രഭരണസമിതി വിട്ടുനൽകി. നഗരസഭാ 22, 23, 24 വാർഡുകളിലെ വീടുകളിൽ സൗകര്യമില്ലാത്ത കൊവിഡ് രോഗികളെ താമസിപ്പിക്കുന്നതിനായിട്ടാണ് ക്ഷേത്രത്തിന്റെ പിന്നിലുള്ള ഗൗരീശങ്കരം ഊട്ടുപുരയിൽ സൗകര്യമൊരുക്കിയിരിക്കുന്നത്. ഇന്നലെ രാവിലെ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് ഗൗരീശങ്കരം ഊട്ടുപുരയിലെ നിരീക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു. വാഹനത്തിന്റെ ഫ്ലാഗ് ഒഫ് ചടങ്ങും ചെയർമാൻ നിർവഹിച്ചു. ക്ഷേത്രഭരണസമിതി പ്രസിഡന്റും കൗൺസിലറുമായ ടി.എസ്. രാജന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി പി.ജി. രാജശേഖരൻ, ട്രഷറർ കെ.എസ്. വിജയൻ, നഗരസഭാ കൗൺസിലർമാരായ ജിതേഷ് സി. ഇഞ്ചക്കാട്ട്, ശ്രീലക്ഷ്മി സുദീപ്, ക്ഷേത്രം മേൽശാന്തി ദിലീപ് വാസദേവൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു. സേവാഭാരതി പ്രവർത്തരുടെ നേതൃത്വത്തിലാണ് കെട്ടിടം ശുചീകരിച്ച് രോഗികൾക്കായി തുറന്ന് നൽകിയത്. പ്രളയകാലത്തുൾപ്പെടെ കാഞ്ഞിരമറ്റം ശ്രീമഹാദേവക്ഷേത്രം സന്നദ്ധസേവനരംഗത്ത് സജീവമായിരുന്നു. സപ്താഹ യജ്ഞത്തോടനുബന്ധിച്ച് നിർധനകുടുംബങ്ങളിലെ യുവതികളുടെ വിവാഹം ഏറ്റെടുത്തു നടത്തിയും ക്ഷേത്രം മാതൃകയായിരുന്നു. നിർധനകുടുംബങ്ങൾക്ക് പെൻഷൻ, വിദ്യാഭ്യാസം, ചികിത്സാസഹായങ്ങൾ, വിവാഹ ധനസഹായം, സൗജന്യ മത്സരപരീക്ഷാ പരിശീലന ക്ലാസുകൾ, ദുരിതാശ്വാസപ്രവർത്തനങ്ങൾ തുടങ്ങി സാമൂഹ്യസേവനരംഗങ്ങളിൽ ക്ഷേത്രം ഏറെ പ്രതിബദ്ധതയോടെയാണ് പ്രവർത്തിച്ച് വരുന്നത്.
നിലവിൽ നിരീക്ഷണ കേന്ദ്രമാക്കിയിരിക്കുന്ന ഗൗരീശങ്കരം ഊട്ടുപുര പിരിവെടുക്കാതെ നിർമ്മിച്ചതാണെന്ന പ്രത്യേകതയുമുണ്ട്. ക്ഷേത്രത്തിന്റെ നടവരവിൽ നിന്നും വരുമാനത്തിൽ നിന്നും മിച്ചം പിടിച്ച് ഘട്ടംഘട്ടമായാണ് ഏകദേശം രണ്ടകോടി രൂപ ചെലവിൽ ഊട്ടുപുരയുടെ നിർമ്മാണം പൂർത്തീകരിച്ചത്. പരമാവധി ആളുകൾക്ക് പ്രയോജനം ലഭിക്കണമെന്ന ഉദ്ദേശത്തിൽ ഏറ്റവും കുറഞ്ഞ വാടകയിലാണ് ഊട്ടുപുരയും സമീപത്തെ പഴയ ആഡിറ്റോറിയവും വിവാഹം പോലുള്ള ആവശ്യങ്ങൾക്ക് നൽകിവരുന്നതെന്നും ക്ഷേത്രഭാരവാഹികൾ പറഞ്ഞു.