കാഞ്ഞാർ: പുതിയ വൈദ്യുതി പോസ്റ്റുകൾ സ്ഥാപിക്കുന്നതിനായി എടുത്ത കുഴികൾക്ക് താഴ്ചക്കുറവ് കെണിയായി മാറുന്നു .കുടയത്തൂർ മേഖലയിലാണ് ഉയരം കുറഞ്ഞ പഴയ വൈദ്യുതി പോസ്റ്റുകൾ മാറി പുതിയവ സ്ഥാപിക്കാനുള്ള ജോലികൾ നടക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് കുഴികുത്തൽ ഉൾപ്പെടെയുള്ള പണികൾ നടക്കുന്നത്. ആവശ്യത്തിന് താഴ്ചയില്ലാതെ എടുത്ത കുഴികളിൽ പുതിയ വൈദ്യുത പോസ്റ്റ് സ്ഥാപിച്ചതിന് ഉടനെ തന്നെ ഇതിൽ പലതും ചരിഞ്ഞ നിലയിലാണ്.വൈദ്യുതി പോസ്റ്റുകൾ കുഴിയിലേക്ക് ഇറക്കിയതിനു ശേഷം വേണ്ട വിധം ഉറപ്പിക്കുന്നില്ല. ഉറപ്പിക്കാതെ കുഴിയിൽ ഇട്ട മണ്ണ് മഴ പെയ്തതോടെ ഇളകി പോസ്റ്റുകൾ അപകടകരമായ വിധം ചരിഞ്ഞ് ഏത് സമയവും താഴെ വീഴാവുന്ന സ്ഥിതിയിലാണ്. കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഇത് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. വൈദ്യുതി വകുപ്പിൽ നിന്നും കോൺട്രാക്റ്റ് വ്യവസ്ഥയിൽ ജോലികൾ ഏറ്റെടുത്ത വർ വേണ്ട വിധം പണികൾ ചെയ്യാത്തതാണ് പോസ്റ്റുകൾ ചെരിയാൻ കാരണം.ഉയരം കുറഞ്ഞ പോസ്റ്റുകൾ മാറ്റി ഉയരം കൂടിയ കോൺക്രീറ്റ് പോസ്റ്റുകൾ സ്ഥാപിക്കുന്നതിനായിട്ടാണ് പണികൾ പുരോഗമിക്കുന്നത്. കൊവിഡ് രൂക്ഷമായതോടെ പലയിടത്തും പണികൾ പാതിവഴിയിലായി.