വണ്ണപ്പുറം: വിവാഹദിനത്തിൽ സാമൂഹ്യ അടുക്കളയ്ക്ക് 10,000 രൂപ സംഭാവന ചെയ്ത് നവദമ്പതികൾ. വണ്ണപ്പുറം റോയൽ സ്വീറ്റ്‌സ് ഉടമ പള്ളിപ്പാട്ട് അനസ്- ബീമാ ദമ്പതികളുടെ മകൻ ലബീബും കോതമംഗലം ആയക്കാട് കുമ്പൻകാടൻ വീട്ടിൽ യൂസുഫ്- സുഹ്‌റ ദമ്പതികളുടെ മകൾ സുമയ്യയും തമ്മിലുള്ള വിവാഹമായിരുന്നു ഇന്നലെ. വിവാഹ ശേഷം വരന്റെ വീട്ടിലേക്കുള്ള യാത്രയിൽ കുടുംബാംഗങ്ങളുമൊത്ത് വിവാഹ വേഷത്തിൽ വണ്ണപ്പുറം പഞ്ചായത്ത് ആഫീസിലെത്തി സാമൂഹ്യ അടുക്കളയിലേക്ക് 10,000 രൂപ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. ഇതിന് ശേഷമാണ് ഗൃഹപ്രവേശം നടത്തിയത്. കുടുംബജീവിതത്തിലേക്ക് കാലെടുത്തുവെച്ച ദിവസം വിവാഹ സൽക്കാരത്തിന് പകരമായി അഞ്ഞൂറോളം പേർക്ക് സാമൂഹ്യ അടുക്കളവഴി ഭക്ഷണം നൽകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് വരൻ ലബീബ് പറഞ്ഞു.