sfi

ഇടുക്കി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വാക്‌സിൻ ചലഞ്ചിലൂടെ എസ്.എഫ്‌.ഐ ജില്ലാ കമ്മിറ്റി സമാഹരിച്ച് നൽകിയത് 5.55 ലക്ഷം രൂപ. എസ്.എഫ്‌.ഐ സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം മേയ് 14 മുതൽ 19 വരെയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. ജില്ലയിലെ യൂണിറ്റ് ലോക്കൽ കമ്മിറ്റി പ്രവർത്തകർ, മുൻകാല എസ്.എഫ്‌.ഐ പ്രവർത്തകർ, ബഹുജനങ്ങളടക്കം നിരവധി പേർ ക്യാമ്പയിന്റെ ഭാഗമായി. ഓരോ വ്യക്തികളെ കൊണ്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നേരിട്ട് പണം അയപ്പിച്ചതിന് ശേഷം പ്രവർത്തകർ തുക അയച്ചതിന്റെ സ്‌ക്രീൻ ഷോട്ട് വാങ്ങിച്ച് എടുക്കുകയാണ് ക്യാമ്പയിനിലൂടെ ചെയ്തത്. 20 രൂപ മുതൽ അയ്യായിരം രൂപ വരെ ഓരോരുത്തരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വാക്‌സിൻ ചലഞ്ച് വഴി നൽകി. ചിത്രങ്ങൾ വരച്ച് നൽകി സമാഹരിച്ച തുക നൽകിയും, കുടുക്കകളിൽ ശേഖരിച്ച പണം നൽകിയും നിരവധി വിദ്യാർത്ഥികൾ ക്യാമ്പയിന്റെ ഭാഗമായി. തൊടുപുഴ- 1,33,401, മൂലമറ്റം- 77,777, ഇടുക്കി- 67,070 അടിമാലി- 55,555, ശാന്തൻപാറ- 52,160, മൂന്നാർ- 10,242, രാജാക്കാട്- 10,676 , നെടുംകണ്ടം- 15,300, കട്ടപ്പന- 29,034, പീരുമേട്- 40,310, ഏലപ്പാറ- 22,203, കരിമണ്ണൂർ- 27920, വണ്ടൻമേട്- 10101 എന്നിങ്ങനെയാണ് ഏരിയാ കമ്മിറ്റികൾ സമാഹരിച്ച തുക.