രാജാക്കാട്: വാഹനാപകടങ്ങൾ തുടർക്കഥയായ പന്നിയാർകുട്ടി- കുളത്തറക്കുഴി ഭാഗത്തെ അപകട വളവ് പുനർനിർമ്മിച്ച് റോഡിന്റെ അടിവശത്ത് താമസിക്കുന്ന കുടുംബക്കാരുടെ മരണ ഭീതിയകറ്റണമെന്ന് ആവശ്യം. ഈറക്കുഴയിൽ ജോബി തോമസിന്റെ വീടിന് മുകളിലേക്ക് മൂന്ന് തവണയാണ് വാഹനം മറിഞ്ഞ് അപകടമുണ്ടായത്. രണ്ടാമതുണ്ടായ അപകടത്തിൽ വാഹനത്തിന്റെ ഡ്രൈവർ മരിച്ചു. അപകടത്തിൽ വീടിന് കാര്യമായ കേടുപാടുകൾ സംഭവിച്ചെങ്കിലും നാളിതുവരെ ഒരു നഷ്ടപരിഹാരവും ലഭിച്ചിട്ടില്ലെന്ന് ജോബി പറഞ്ഞു. അപകടവളവ് നിവർത്തുന്നതിനായി നിരവധി പരാതികൾ ജോബിയുടെ പിതാവ് തോമസ് നൽകിയിരുന്നു. പൊതുമരാമത്ത് വകുപ്പിന് വിട്ടുകിട്ടിയിട്ടുള്ള സ്ഥലം പൂർണമായി ഏറ്റെടുക്കാൻ കഴിയാത്തതിനാൽ നിർമ്മാണം നടത്താൻ കഴിഞ്ഞിട്ടില്ല. ആഗ്രഹം പൂർത്തിയാക്കതെ പിതാവ് മാർച്ച് ഒമ്പതിന് മരിച്ചു. 24 സെന്റ് ഭൂമി മാത്രമാണ് തങ്ങൾക്കുള്ളതെന്നും കഴിഞ്ഞ ദിവസം അപകടം നടക്കുമ്പോൾ പത്തോളം അംഗങ്ങൾ വീട്ടിലുണ്ടായിരുന്നെന്നും തലനാരിഴയ്ക്കാണ് എല്ലാവരും രക്ഷപ്പെട്ടതെന്നും ജോബി പറഞ്ഞു. റോഡിന്റെ സ്ഥലം തങ്ങളുടെ കൈവശത്തിലുണ്ടെങ്കിൽ വിട്ടുതരാൻ തയ്യാറാണ്. സ്ഥലം മാറ്റാരുടെയെങ്കിലും കൈവശത്തിലുണ്ടെങ്കിൽ അത് ഏറ്റെടുക്കണം. കൂടുതലായി ആവശ്യമായി വന്നാൽ അത് ഇരുവശത്തു നിന്നെടുത്ത് റോഡ് പുനർ നിർമ്മാണം നടത്തി അപകട സാധ്യത ഒഴിവാക്കി ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ജോബി ആവശ്യപ്പെട്ടു.