തൊടുപുഴ: പ്രൗഢ ഗംഭീരമായ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രണ്ടാം പിണറായി സർക്കാരിൽ മൂന്നാമനായി ഇടുക്കിയുടെ റോഷി അഗസ്റ്റിൻ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയപ്പോൾ മലയോരജനത തങ്ങൾക്ക് ചരിത്രത്തിലെ നാലാമത്തെ മന്ത്രിയെ കിട്ടിയതിന്റെ ആഹ്ലാദത്തിലായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കേക്ക് മുറിച്ചും പായസം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ഇടതുമുന്നണണി പ്രവർത്തകർ ആഹ്ലാദം പങ്കുവച്ചു. കട്ടപ്പനയിൽ ഇടത് നേതാക്കൾ കേക്ക് മുറിച്ച് ആഹ്ലാദം പ്രകടിപ്പിച്ചപ്പോൾ പ്രവർത്തകർ പടക്കം പൊട്ടിച്ചും പായസം വിതരണം ചെയ്തുമാണ് സന്തോഷം പങ്കിട്ടത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിരലിലെണ്ണാവുന്നവർ മാത്രമാണ് ആഘോഷത്തിൽ പങ്കെടുത്തത്. പ്രവർത്തകർ വീടുകളിലിരുന്ന് കുടുംബാഗങ്ങളുമായാണ് സത്യപ്രതിജ്ഞ ചടങ്ങ് കണ്ടത്. പലരും വീടുകളിൽ തന്നെ മധുര വിതരണവും നടത്തി.
അഞ്ചാം വിജയത്തിലാണ് റോഷി അഗസ്റ്റിനെ തേടി മന്ത്രി സ്ഥാനം എത്തിയത്. റോഷി മന്ത്രിയായതോടെ ഹൈറേഞ്ചിന്റെ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് മലയോര ജനത. ഇടുക്കി മെഡിക്കൽ കോളേജ് കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ജില്ലയിലെ ഭൂ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനും അദ്ദേഹത്തിന് സാധിക്കുമെന്നാണ് കരുതുന്നത്. ഒപ്പം ജില്ലയിലെ ഭൂ- പട്ടയപ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്ന് ഇടുക്കിക്കാർ പ്രതീക്ഷിക്കുന്നു. ജലവിഭവ മന്ത്രിയായതിനാൽ മുല്ലപ്പെരിയാർ വിഷയത്തിൽ ക്രിയാത്മകമായി ഇടപെടാനാകും. പുതിയ ഡാമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനും ഹൈറേഞ്ചിലെ ജനതയുടെ ആശങ്ക പരിഹരിക്കാനും ഇടുക്കിയിൽ നിന്നുള്ള മന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന് കഴിയുമെന്നാണ് വിശ്വാസം.
ആഫീസ് 129, മൂന്നാം നമ്പർ കാർ
സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിൽ മുഖ്യമന്ത്രിയുടെ ആഫീസിന് താഴെ ഒന്നാം നിലയിലെ 129-ാമത് മുറിയാണ് റോഷി അഗസ്റ്റിൻ ലഭിച്ചിരിക്കുന്നത്. മൂന്നാം നമ്പർ ഇന്നോവ ക്രിസ്റ്റയാണ് വാഹനം. ദീർഘകാലം കെ.എം. മാണി താമസിച്ചിരുന്ന പ്രശാന്ത് ബംഗ്ലാവാണ് അദ്ദേഹത്തിന്റെ പിൻഗാമിയായെത്തിയ റോഷി അഗസ്റ്റിനും ലഭിച്ചത്. സകുടുംബമാണ് റോഷി സത്യാപ്രതിജ്ഞാചടങ്ങിൽ പങ്കെടുത്തത്.
റോഷിക്ക് ജോസഫിന്റെ ആശംസ
ജില്ലയിൽ നിന്നുള്ള മന്ത്രി റോഷി അഗസ്റ്റിന് ആശംസ നേർന്ന് മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ പി.ജെ. ജോസഫ്. സത്യപ്രതിജ്ഞയ്ക്ക് ഏതാനും മണിക്കൂർ മുമ്പാണ് അനുഗ്രഹം തേടി ജോസഫിന് റോഷിയുടെ വിളിയെത്തിയത്. ഇരുവരും കുറച്ചുസമയം സൗഹൃദ സംഭാഷണം നടത്തി. മന്ത്രിപദത്തിൽ എല്ലാ വിജയാശംസകളും നേരുന്നതായും ജോസഫ് പറഞ്ഞു.