തൊടുപുഴ : കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുേമ്പാൾ മുന്നണിപ്പോരാളികളെപ്പോലെ വിശ്രമമില്ലാത്ത ജോലി തിരക്കിലാണ് സ്വകാര്യ ആംബുലൻസ് ഡ്രൈവർമാരും. കൊവിഡ് ബാധിച്ച് വീടുകളിൽ കഴിയുന്നവരുടെ വിളി എത്തിയാൽ ഒരു മിനിറ്റ് പോലും ഇവർ സേവനത്തിന് വൈകാറില്ല. ആദ്യമൊന്നും എത്തുന്ന ആശുപത്രികളിൽ ബെഡ് ഒഴിവുണ്ടാകില്ല. ആംബുലൻസ് ഡ്രൈവർമാർ തന്നെ ആശുപത്രി അധികൃതരുടെ കാലു പിടിച്ച് അഡ്മിറ്റാക്കിയാണ് മടങ്ങുന്നത്. അത്യാസന്ന നിലയിലുള്ള രോഗികളുമായി ആശുപത്രികളിലേക്ക് കുതിക്കുമ്പോൾ ബന്ധുക്കളേക്കാൾ ആശങ്കയിലാണ് ഇവരും. പലപ്പോഴും വലിയ സാഹസത്തിലാണ് ജോലി ചെയ്യുന്നത്. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന ആംബുലൻസ് ഡ്രൈവർമാർക്ക് വാക്‌സിൻ ലഭിച്ചപ്പോഴും തങ്ങളെ ഇതുവരെ പരിഗണിച്ചിട്ടില്ലെന്നാണ് ഇവരുടെ വിഷമം. രോഗികളുമായി പോകുമ്പോൾ അവരിൽ നിന്ന് പലപ്പോഴും പണം വാങ്ങാൻ പോലും നിക്കാറില്ല. പിന്നെ മതി എന്ന് പറഞ്ഞ് മടങ്ങും. ചിലരുടെ അവസ്ഥ കണ്ട് പണം വാങ്ങാതെയും മടങ്ങിയിട്ടുണ്ട്. ഇപ്പോൾ പലർക്കും രോഗം പിടിപെടുന്നത് ആശങ്കക്കിടയാക്കുന്നുണ്ടെന്നും ആംബുലൻസ് ഡ്രൈവർമാർ പറയുന്നു. ഓട്ടം പോകുന്നത് മാത്രമല്ല രോഗികളായതിനാൽ ഇവരുടെ വീടുകളിലേക്ക് എന്തെങ്കിലും സാധനങ്ങൾ വേണ്ടതുണ്ടോയെന്നും അന്വേഷിച്ചാണ് മടങ്ങുന്നത്. ചില വീടുകളിൽ മുഴുവൻ പേരും രോഗികളായിരിക്കും. അവസ്ഥ കണ്ട് സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ അവർക്ക് ഭക്ഷണവും പലയിടങ്ങളിലും എത്തിച്ചു നൽകിയിട്ടുണ്ടെന്നും ഇവർ പറയുന്നു. ഇതുവരെ തൊടുപുഴ മേഖലയിൽ മാത്രം പത്തോളം പേർ രോഗ ബാധിതരായി. ഇനിയും കൂടുതൽ പേർക്ക് രോഗബാധയുണ്ടാകാൻ സാധ്യതയുണ്ട്. കൂട്ടത്തോടെ രോഗം വന്നാൽ ആംബുലൻസ് ഓടിക്കാൻ ആളെ കിട്ടാതാകും. മറ്റ് ഡ്രൈവർമാരെക്കൊണ്ട് സർവീസ് നടത്താമെന്നു കരുതിയാലും ആംബുലൻസ് ഓടിച്ച് പരിശീലനമില്ലാത്തത് വെല്ലുവിളിയാകും. കൊവിഡ് അപകടകാരിയാകുന്ന കേസുകൾ നേരിട്ട് കണ്ടിട്ടുള്ളതിനാൽ ആശങ്കയോടെ തന്നെയാണ് ഓരോ ദിവസം വീട്ടിൽ നിന്നിറങ്ങുന്നതും തിരികെ മടങ്ങുന്നതുമെന്നും ഇവർ പറയുന്നു

വാക്സിനിൽ മുൻഗണനയില്ല
സ്വകാര്യ മേഖലയിൽ ഒട്ടുമുക്കാൽ ആംബുലൻസ് ഡ്രൈവർമാർക്കും വാക്‌സിൻ ലഭിക്കാത്ത സാഹചര്യമാണ്. തിരുവനന്തപുരം ജില്ലയിൽ കുറച്ച് ഡ്രൈവർമാർക്ക് വാക്‌സിൻ നൽകി തുടങ്ങിയിട്ടുണ്ട്. ഇടുക്കിയിലും ഡ്രൈവർമാർക്ക് വാക്‌സിൻ നൽകുന്നതിനുള്ള നടപടി വേഗത്തിലാക്കണമെന്ന അഭ്യർത്ഥനയാണ് ഇവർക്കുള്ളത്.