നെടുങ്കണ്ടം: കൊവിഡിന്റെ രണ്ടാം തരംഗത്തിൽ നെടുങ്കണ്ടം മേഖലയിൽ പൊലിഞ്ഞത് 22 ജീവനുകൾ. ഏപ്രിൽ ഒന്ന് മുതൽ മേയ് 19 വരെയുള്ള 50 ദിവസത്തിനുള്ളിലാണ് 22 മരണങ്ങൾ ഉണ്ടായിരിക്കുന്നത്. നെടുങ്കണ്ടം ബ്ലോക്ക് മെഡിക്കൽ ഓഫീസർ കഴിഞ്ഞ ദിവസം ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകിയ റിപ്പോട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. പാമ്പാടുംപാറ പിഎച്ച്‌സിയുടെ പരിധിയിലാണ് ഏറ്റവും കൂടുതൽ മരണം. ഇവിടെ എട്ട് മരണങ്ങളാണ് ഉണ്ടായത്. കല്ലാർ പട്ടംകോളനി എഫ്എച്ച്‌സിയുടെ പരിധിയിൽ ആറും ഉടുമ്പൻചോല എഫ്എച്ച്‌സിയുടെ പരിധിയിൽ അഞ്ചും കരുണാപുരം സിഎച്ച്‌സിയുടെ പരിധിയിൽ മൂന്ന് വീതം കൊവിഡ് മരണങ്ങൾ ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട് പ്രകാരം ഏപ്രിൽ ഒന്ന് മുതൽ 3357 പേർക്കാണ് മേഖലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 1433 പേർ ഇപ്പോഴും ചികിത്സയിലുണ്ട്. ഏറ്റവും കൂടുതൽ രോഗികളുണ്ടായത് കല്ലാർ പട്ടംകോളനി എഫ്എച്ച്‌സിയുടെ പരിധിയിലാണ്. 50 ദിവസത്തിനിടെ 1314 പേർക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 507 പേർ ഇപ്പോഴും രോഗികളാണ്. പാമ്പാടുംപാറ പിഎച്ച്‌സിയുടെ പരിധിയിൽ 769 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തപ്പോൾ 335 പേർ ഇപ്പോഴും ചികിത്സയിലുണ്ട്. ഉടുമ്പൻചോല എഫ്എച്ച്‌സിയുടെ പരിധിയിൽ 664 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 267 പേർ ഇപ്പോഴും പോസിറ്റീവാണ്. കരുണാപുരം സിഎച്ച്‌സിയുടെ പരിധിയിൽ 610 പേർക്കാണ് രോഗം ബാധിച്ചത്. 324 പേർ ഇപ്പോഴും രോഗബാധിതരായണെന്നും ബ്ലോക്ക് മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.