ജോലിക്ക് ഹാജരാകാൻ സാധിക്കാത്ത ജീവനക്കാരെയും നഗരസഭ പ്രയോജനപ്പെടുത്തും
വാർഡ്തല മോണിറ്ററിംഗ് സമിതികളുടേയും റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെയും ഭാഗമാകും
തൊടുപുഴ :നഗരസഭപരിധിയിൽ താമസക്കാരായ സർക്കാർ ജീവനക്കാരുടെയും, അദ്ധ്യാപകരുടേയും സേവനം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ലഭിച്ച്തോടെ വാർഡ്തല മോണിറ്ററിംഗ് സമിതികളുടേയും, റാപ്പിഡ് റെസ്‌പോൺസ് ടീമിന്റേയും പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമകുമെന്ന് ചെയർമാൻ സനീഷ് ജോർജ്ജ് അറിയിച്ചു. ലോക്ഡൗൺ പ്രഖ്യാപിച്ചതിന്റെ ഭാഗമായി യാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുളള തിനാൽ ജോലിക്ക് ഹാജരാകാൻ സാധിക്കാത്ത ജീവനക്കാരേയും അദ്ധ്യാപകരേയും കൊവിഡ് അനുബന്ധ സേവനങ്ങൾക്കായി തദ്ദേശഭരണ സ്ഥാപനങ്ങളിൽ വിന്യസിക്കാൻ നിർദ്ദേശിച്ചുകൊണ്ടുളള സർക്കാർ നിർദ്ദേശ പ്രകാരം ഇടുക്കി, എറണാകുളം ജില്ലാ കളക്ടർമാരുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മുന്നൂറ്റിഅൻപതിൽപരം ജീവനക്കാർ തൊടുപുഴ നഗരസഭയിൽ റിപ്പോർട്ട് ചെയ്തു. ഇവരുടെ സേവനം വാർഡുകളിൽ വിന്യസിക്കുന്നതോടെകൊവിഡ് സംബന്ധിച്ച വിവരശേഖരണം തുടങ്ങിയവ ഊർജ്ജിതമാക്കാൻ സാധിക്കും. കൂടാതെ നഗരസഭ ഓഫീസിൽ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌ക്, കൺട്രോൾറൂം, ജനകീയ ഹോട്ടൽ, ജില്ലാ ആശുപത്രി, സി.എസ്.എൽ.ടി.സികൾ, ഡൊമിസിലറി കെയർ സെന്ററുകൾ എന്നിവയുടെ പ്രവർത്തനങ്ങൾക്കും, ആരോഗ്യ വകുപ്പുമായി ചേർന്നുളള വാക്‌സിനേഷൻ, വാക്‌സിൻ രജിസ്‌ട്രേഷൻ, കൊവിഡ് ടെസ്റ്റിംഗ് എന്നീ സേവനങ്ങൾക്കും ആവശ്യമായിവരുന്ന ഘട്ടത്തിൽ ജീവനക്കാരെ നിയോഗിക്കാൻ സാധിക്കും. അവശ്യ സർവ്വീസിൽ ഉൾപ്പെടാത്ത വിവിധ വകുപ്പുകളിലെ സർക്കാർ, അർദ്ധസർക്കാർ ജീവനക്കാർ, അദ്ധ്യാപകർ എന്നിവരിൽ തൊടുപുഴ നഗരസഭ പരിധിയിൽ സ്ഥിരതാമസമാക്കിയവരാണ് നഗരസഭ സെക്രട്ടറി മുമ്പാകെ നേരിട്ട് ഹാജരായി ചുമതല ഏറ്റെടുത്തിട്ടുളളത് .