തൊടുപുഴ: രണ്ടാം ഘട്ട കോവിഡ് വ്യാപന പ്രതിസന്ധിയിൽ പൂർണ്ണമായും നിശ്ചലമായി ലോട്ടറി മേഖല. പ്രളയത്തിന്റേയും ഒന്നാം ഘട്ട കൊവിഡ് വ്യാപനത്തിന്റേയും തീവ്രതയിൽ നിന്ന് പതിയെ കരകയറി വരുമ്പോഴാണ് രണ്ടാം ഘട്ട കൊവിഡ് വ്യാപനം സമസ്ഥ മേഖലയേയും പിടിച്ച് കുലുക്കി സംഹാര താണ്ഡവം ആടിത്തിമിർക്കുന്നത്. ഇത് ലോട്ടറി മേഖലയേയും ഇതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന പതിനായിരക്കണക്കിന് ആളുകളേയും അവരെ ആശ്രയിച്ച് കഴിയുന്ന കുടുംബക്കാരെയും ദുരിതത്തിലേക്ക് താഴ്ത്തിയത്. അംഗീകൃതവും അല്ലാത്തതുമായ ലോട്ടറി വിൽപ്പനക്കാർ,ചെറുകിട കച്ചവടം,മൊത്ത കച്ചവടം എന്നിങ്ങനെ ജില്ലയിൽ 5,000 ൽ പരം ആളുകളാണ് ജില്ലയിൽ ലോട്ടറി വില്പനയിൽ സജീവമായി പ്രവർത്തിക്കുന്നത്. മറ്റ് തൊഴിൽ ചെയ്യുന്നതിനൊപ്പം ലോട്ടറി കച്ചവടം നടത്തുന്ന ആളുകൾ വേറെയുമുണ്ട്. ജില്ലാ ലോട്ടറി വകുപ്പ് ഓഫീസിൽ പ്രവർത്തിക്കുന്ന ലോട്ടറി തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് കൃത്യമായി പുതുക്കി വരുന്നത് 4,000 ആളുകളുണ്ടെന്നാണ് ലോട്ടറി വകുപ്പ് അധികൃതർ നൽകുന്ന വിവരം. മറ്റ് മാർഗങ്ങളില്ലാതെ ജീവിതം വഴിമുട്ടിയ ആളുകളാണ് ശക്തമായ വേനലും മഴയും വകവെക്കാതെ പുലർച്ചെ മുതൽ രാത്രി വരെ ലോട്ടറി കച്ചവടത്തിനായി തെരുവോരങ്ങളിലൂടെ അലയുന്നത്. കൊവിഡ് വ്യാപനനത്തെ തുടർന്ന് ഇനി എന്ത് ചെയ്യും? എന്നറിയാതെ പകച്ച് നിൽക്കുകയാണ് ഇക്കൂട്ടർ.

സർക്കാരിൽ പ്രതീക്ഷയോടെ.

കഴിഞ്ഞ ലോക്ക് ഡൗണിൽ അംഗീകൃത ലോട്ടറി വിൽപ്പനക്കാർക്ക് അടിയന്തര ധനസഹായം സർക്കാർ നൽകിയിരുന്നു. കൂടാതെ വിൽപ്പന പുന:രാരംഭിച്ചപ്പോൾ ലോട്ടറി വാങ്ങാൻ 3,500 രൂപയും തൊഴിലാളികൾക്ക് നൽകിയിരുന്നു. പുതിയ സർക്കാരിൽ നിന്നും സഹായം ലഭിക്കും എന്ന പ്രതീക്ഷയിലാണ്

ഇവർ. ക്ഷേമനിധി അർഹതയുള്ളവർ

1ഓരോ മാസവും 10,000 രൂപയുടെ ടിക്കറ്റ് വാങ്ങുന്ന വിൽപനക്കാർ, ഏജന്റ്സ്.

2ക്ഷേമനിധിയിൽ 50 രൂപ നൽകി അംഗത്വം എടുക്കുന്നവർ,ഓരോ മാസവും 50 രൂപ നൽകി പുതുക്കുന്നവർ.

"ജില്ലയിലെ ടാർജറ്റ് സാധാരണ ദിവസങ്ങളിൽ 116,000 ടിക്കറ്റിലൂടെ 4,640,000 രൂപയാണ്. കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ പ്രവർത്തനം പൂർണ്ണമായും സ്തംഭിച്ചു" ലിസിയമ്മ ജോർജ്

ജില്ലാ ലോട്ടറി ഓഫീസർ