അടിമാലി: അതിർത്തി മേഖലയായ വട്ടവടയിൽ ചികിത്സക്കായി കൂടുതൽ സൗകര്യമൊരുക്കണമെന്ന ആവശ്യം ശക്തമായി. കോവിലൂരിൽ പ്രവർത്തിക്കുന്ന ഒരു ആരോഗ്യ ഉപകേന്ദ്രമാണ് ഇവിടുത്തെ ഏക ചികിത്സാസൗകര്യം. രാവില പത്തുമുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെ ഇവിടെനിന്നും പ്രാഥമിക ചികിത്സ ലഭിക്കും. ഈ ഉപകേന്ദ്രത്തിന്റെ പ്രവർത്തന സമയശേഷം ഏതെങ്കിലും ചികിത്സ ലഭിക്കണമെങ്കിൽ ആളുകൾ കിലോമീറ്ററുകൾ ദൂരെയുള്ള മൂന്നാറിലെത്തണം. വട്ടവടയിലെ സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ ഉപകേന്ദ്രത്തിന്റെ പ്രവർത്തനസമയം ഉയർത്തുകയോ പകരം സംവിധാനം ഏർപ്പെടുത്തുകയോ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കാലവർഷം ആരംഭിച്ചാൽ പലപ്പോഴും മരങ്ങൾ കടപുഴകിയും മറ്റും ഗതാഗതതടസം നേരിടുന്നത് വട്ടവടയിൽ പതിവാണ്. ഈ ഘട്ടങ്ങളിൽ രോഗികളെ ആശുപത്രിയിലെത്തിക്കാൻ പ്രദേശവാസികൾ ഏറെ ബുദ്ധിമുട്ടുകയാണ്. വട്ടവടയുടെ ഉൾമേഖലകളിൽ ഉള്ളവർ ചികിത്സ തേടുന്നത് ഏറെ സാഹസപ്പെട്ടാണ്.