തൊടുപുഴ: ക്ഷേത്രം ഊട്ടുപുരയിൽ കോവിഡ് ക്വാറന്റൈൻ കേന്ദ്രം ഒരുക്കി കാഞ്ഞിരമറ്റം ശ്രീ മഹാദേവക്ഷേത്രം അധികൃതർ. വീടുകളിൽ ക്വാറന്റൈൻ സൗകര്യമില്ലാത്ത നഗരസഭ 22, 23, 24 വാർഡുകളിലെ കോവിഡ് രോഗികൾക്കാണ് ഊട്ടുപുരയിൽ ക്വാറന്റൈൻ സൗകര്യമൊരുക്കിയിരിക്കുന്നത്. ഇതിനുപുറമെ അടിയന്തര സേവനത്തിനായി വാഹനവും വാങ്ങിയിട്ടുണ്ട്. ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ നഗരസഭാചെയർമാൻ സനീഷ് ജോർജ് ക്വാറൻറൈൻ സെന്റർ ഉദ്ഘാടനം ചെയ്തു. കോവിഡ് രോഗികളുടെ അടിയന്തര സേവനത്തിനായി ക്ഷേത്രം വാങ്ങിയ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫും ചെയർമാൻ നിർവഹിച്ചു. ക്ഷേത്രഭരണസമിതി പ്രസിഡന്റ് ടി.എസ്. രാജന്റെ അധ്യക്ഷതയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ ക്ഷേത്രഭരണസമിതി സെക്രട്ടറി പി.ജി. രാജശേഖരൻ, ട്രഷറർ കെ.എസ്. വിജയൻ, കൗൺസിലർമാരായ ജിതേഷ് സി. ഇഞ്ചക്കാട്ട് , ശ്രീലക്ഷ്മി സുദീപ്, ക്ഷേത്രം മേൽശാന്തി ദിലീപ് വാസുദേവൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.