തെക്കുംഭാഗം: കനത്ത മഴയിൽ വീട് ഭാഗികമായി തകർന്നു. വടക്കേക്കര പറമ്പിൽ വി.ജെ. ഡോമിനിക്കിന്റെ വീടിന്റെ മേൽക്കൂരയും ഭിത്തിയുമാണ് തകർന്നത്. ശനിയാഴ്ച വൈകിട്ട് ഒമ്പതോടെയാണ് സംഭവം. വീട്ടിലുള്ളവർ മാറി താമസിച്ചിരുന്നതിനാൽ വലിയ അപകടം ഒഴിവായി. മേൽക്കൂരയും ഭിത്തിയും വീണ് വീട്ടുപകരണങ്ങളും നശിച്ചു. ആറ് വർഷം മുമ്പ് ഇ.എം.എസ് ഭവന പദ്ധതി പ്രകാരം നിർമിച്ച വീടാണ് ഇത്. നാളുകളായി ഇത് അപകടാവസ്ഥയിലായിരുന്നു. ഇടവെട്ടി പഞ്ചായത്തിലെ കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് അറ്റകുറ്റ പണികൾക്കായി അപേക്ഷ നൽകിയിരുന്നെങ്കിലും പണം ലഭിച്ചില്ല. വീട് കൂടുതൽ അപകടാവസ്ഥയിലായതോടെ ഡോമിനിക്കും കുടുംബവും മാറി താമസിക്കുകായിരുന്നു. വീട് എങ്ങനെ പുനർനിർമിക്കുമെന്ന് അറിയാതെ പകച്ചു നിൽക്കുകയാണ് കൂലിപ്പണിക്കാരനായ ഡോമിനിക്കും കുടുംബവും.