തൊടുപുഴ: മരങ്ങളുടെ അപകടകരമായ അവസ്ഥക്ക് പരിഹാരം കാണണമെന്ന് കളക്ടർ ആവർത്തിച്ച് നിർദ്ദേശം നൽകിയിട്ടും ചില വകുപ്പ് അധികൃതർക്ക് കൂസലില്ല. മഴക്കാലം ശക്തിപ്രാപിച്ചതോടെ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ മരങ്ങൾ അപകടവസ്ഥയിലാണ്. ദേശിയ പാത, സംസ്ഥാന പാത, ജില്ലാ - ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് അധീനതയിലുള്ള പാതകളിലെല്ലാം മരങ്ങൾ അപകടവസ്ഥയിലുണ്ട്. കൂടാതെ സർക്കാർ വക സ്ഥലങ്ങളിലും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലും അപകടവസ്ഥയിലായ മരങ്ങൾ നില്കുന്നുണ്ട്.സർക്കാർ വക അപകടവസ്ഥയിലായ മരങ്ങൾ മുറിച്ച് മാറ്റുകയോ ശിഖരം വെട്ടി മാറ്റുകയോ ചെയ്യണമെന്ന് കളക്ടർ ജില്ലയിലെ എല്ലാ വകുപ്പ് അധികൃതർക്കും ആവർത്തിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്.സ്വകാര്യ വ്യക്തികളുടെ പറമ്പിലുള്ള മരങ്ങളുടെ അപകടവസ്ഥക്ക് അവരുടെ ഉത്തരവാദിത്വത്തിലും പരിഹാരം കാണണമെന്നും കളക്ടർ നിർദേശം നൽകിയിരുന്നു.മരങ്ങൾ അപകട ഭീഷണി ഉയർത്തുന്നതായി വിവിധ കേന്ദ്രങ്ങളിൽ നിന്ന് വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. മഴയത്തും കാറ്റത്തും മരങ്ങൾ വ്യാപകമായി കടപുഴകിയും ഓടിഞ്ഞും വിവിധ സ്ഥലങ്ങളിൽ വൻ അപകടങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതും. ഇത് സംബന്ധിച്ചുള്ള കാര്യങ്ങൾ കളക്ടറുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് കളക്ടർ നിർദ്ദേശം നൽകിയത്. എന്നാൽ ഇതെല്ലാം വിവിധ വകുപ്പ് അധികൃതരും സ്വകാര്യ വ്യക്തികളും അവഗണിക്കുകയാണ്.
കാഴ്ച്ച മറച്ചും
ചുവട് ദ്രവിച്ചും...
മുട്ടം - തൊടുപുഴ റൂട്ടിൽ എഞ്ചിനീയറിങ്ങ് കോളേജിന് സമീപത്തും മുട്ടം -ഈരാറ്റുപേട്ട റൂട്ടിൽ തോട്ടുങ്കര പാലത്തിന് സമീപത്തും അപകടവസ്ഥയിലുള്ള മരങ്ങളുടെ കാര്യത്തിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. എഞ്ചിനീയറിങ്ങ് കോളേജിന് സമീപം രോഡരുകിലുള്ള വലിയ മരം ഓരോ ദിവസം കഴിയുന്തോറും റോഡിലേക്ക് കൂടുതൽ ചരിഞ്ഞു വരുകയാണ്. മരത്തിന്റെ ചുവട്ടിലായി ചുറ്റിലുമുള്ള മണ്ണ് ഒലിച്ച് അടിഭാഗം ദ്രവിച്ച അവസ്ഥയിലാണിത്. ഇതിന് സമീപംറോഡിലെ കാഴ്ച്ച മറയുന്ന രീതിയിൽ മറ്റ് ആറോളം മരങ്ങൾ വേറെയുമുണ്ട്. പെരുമറ്റം പാലത്തിന് സമീപത്തും റോഡിലെ കാഴ്ച്ച മറയുന്ന രീതിയിൽ മരങ്ങളുണ്ട്.തോട്ടുങ്കര പാലത്തിന് ചേർന്നുള്ള വലിയ വാകമരവും അപകടാവസ്ഥയിലാണ്. ഇത് സംബന്ധിച്ച് കളക്ടർ, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, താഹസീൽ ദാർ എന്നിവർക്ക് പ്രദേശവാസികൾ പരാതികൾ നൽകിയെങ്കിലും നടപടികൾ ആകുന്നില്ല.