തൊടുപുഴ: കർഷക സംയുക്ത സമിതിയുടെ നേതൃത്വത്തിൽ മേയ് 26ന് ദേശീയ പ്രതിഷേധ കരിദിനം ആചരിക്കും. കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്ന് കർഷക ദ്രോഹ നിയമങ്ങൾക്കെതിരെ ആറ് മാസക്കാലമായി രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കർഷകർ നടത്തുന്ന സമരത്തിന് കൂടുതൽ ശക്തി പകരുന്നതിനാണ് രാജ്യവ്യാപകമായി പ്രതിഷേധ കരിദിനമായി ആചരിക്കാൻ സമരസമിതി തീരുമാനിച്ചിരിക്കുന്നത്.

കേന്ദ്ര ഗവൺമെന്റ് കൊവിഡിന്റെയും ലോക്ക്ഡൗണിന്റെയും മറവിൽ കൂടുതൽ ജനദ്രോഹപരമായ നടപടികളാണ് സ്വീകരിക്കുന്നത്. ഈ ദുരിതകാലത്തും രാസവളങ്ങളുടെ വില വർദ്ധിപ്പിക്കുന്ന രീതിയാണ് കേന്ദ്രം തുടരുന്നത്. ഇതിന്റെ ഫലമായി കർഷകർക്ക് കൃഷിയിറക്കുന്നതിന് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും. കൃഷിക്കാരുടെ ഉത്പ്പന്നങ്ങൾക്ക് വിലത്തകർച്ച ഉണ്ടാകുമ്പോൾ തന്നെ കൃഷി ചിലവ് വർദ്ധിപ്പിക്കാനും അതേസമയം വളനിർമ്മാണ കമ്പിനികൾക്ക് മാത്രം കൂടുതൽ ലാഭമുണ്ടാക്കാനും കേന്ദ്ര ഗവൺമെന്റ് തയ്യാറാകുകയാണ്. ഇത്തരം കർഷക ദ്രോഹ നയങ്ങൾക്കെതിരെ 26ന് പ്രധാന മന്ത്രിയുടെ കോലം കത്തിച്ചും കരിങ്കോടി ഉയർത്തിയും പോസ്റ്റർ പ്രചാരണ പരിപാടികളിലൂടെയും പ്രതിഷേധ പിരപാടികൾ സംഘടിപ്പിക്കും. വീടുകളിലും കർഷകർ കേന്ദ്ര നയങ്ങളിൽ പ്രതിഷേധിച്ച് പ്രതിഷേധ ദിനം ആചരിക്കും..

ജില്ലയിൽ സമരപരിപാടി വിജയിപ്പിക്കാൻ സംയുക്ത കർഷക സമിതി ചെയർമാൻ മാത്യു വർഗീസും കൺവീനർ എം വി ബേബിയും എല്ലാ കർഷകരോടും അഭ്യർത്ഥിച്ചു.