തൊടുപുഴ: വീണ്ടുമെത്തിയ ലോക്ക്ഡൗണിനെ തുടർന്ന് വിളവെടുപ്പിനും വിൽപ്പനയ്ക്കും മാർഗമില്ലാതായോടെ പൈനാപ്പിൾ കർഷകർ കണ്ണീരിലായി. എറണാകുളത്തെ ട്രിപ്പിൾ ലോക്ക്ഡൗണിനെ തുടർന്ന് പൈനാപ്പിൾ ശേഖരിച്ച് അന്യസംസ്ഥാനങ്ങളിലേക്ക് അയച്ചിരുന്ന വാഴക്കുളത്തെ സംഭരണ കേന്ദ്രം പൂർണമായും അടച്ചതോടെ തോട്ടങ്ങളിൽ നിൽക്കുന്ന പൈനാപ്പിൾ വെട്ടി വിൽക്കാനാവുന്നില്ല. ഇതോടെ വിളവെടുപ്പിന് പാകമായ പൈനാപ്പിളുകൾ തോട്ടത്തിൽ കിടന്ന് ചീയുന്ന അവസ്ഥയിലാണ്. ദിവസവും ശരാശരി 100 ലോഡ് പൈനാപ്പിൾ വാഴക്കുളത്ത് നിന്ന് സംഭരിച്ച് കയറ്റി അയച്ചിരുന്നതാണ്. തമിഴ്നാട്, കർണാകട എന്നിവിടങ്ങളിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കും വാഴക്കുളത്ത് നിന്നുള്ള കൈതചക്ക എത്തിയിരുന്നു. എന്നാൽ ഡൽഹി, മുംബയ്, ഗുജറാത്ത്, പൂനെയ്, രാജസ്ഥാൻ തുടങ്ങിയ കച്ചവട കേന്ദ്രങ്ങൾ ലോക്ക്ഡൗണിനെ തുടർന്ന് അടച്ചതോടെ പൈനാപ്പിൾ കയറ്റുമതി ഗണ്യമായി ഇടിഞ്ഞു. മാത്രമല്ല, ലോക്ക്ഡൗണായതിനാൽ ചെറുകിട തോട്ടങ്ങളിൽ നിന്ന് വിളവെടുക്കാനും സാധിക്കുന്നില്ല. തൊഴിലാളികളെ ജോലിക്ക് എത്തിക്കുന്നതും തിരിച്ച് എത്തിക്കുന്നതും വലിയ പ്രതിസന്ധിയാണ്. പൈനാപ്പിൾ വിളവെടുപ്പിനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ എങ്ങനെയെങ്കിലും കൈതച്ചക്ക വിളവെടുത്താൽ തന്നെ സംഭരണ കേന്ദ്രങ്ങൾ തുറക്കാതെ വിൽക്കാനാകില്ല. തോട്ടത്തിൽ കിടന്ന് ചീഞ്ഞാൽ തുടർ കൃഷിയെയും ബാധിക്കും. കഴിഞ്ഞ വർഷവും ഇതേപോലെ ലോക്ക്ഡൗണിനെ തുടർന്ന് വിളവെടുക്കാനാകാതെ കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. ഇതേതുടർന്ന് നിരവധി കർഷകർ പൈനാപ്പിൾ കൃഷി ഉപേക്ഷിച്ചിരുന്നു.
ലക്ഷങ്ങളുടെ നഷ്ടം
ഒരു ചെടി കായ്ക്കുന്നത് വരെ 30- 35 രൂപവരെ കർഷകന് മുടക്ക് വരുന്നുണ്ട്. വേനൽക്കാല സംരക്ഷണ ചെലവ് വേറെ. ഇത്തരത്തിൽ മരുന്നും വളവും നനയുമായി ലക്ഷങ്ങളാണ് കർഷകർക്ക് ചെലവ്. കാർഷിക വായ്പകളിലൂടെയും സ്വർണം പണയം വെച്ചുമാണ് പലരും കൃഷിയിറക്കിയത്. ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തവരും ദുരിതത്തിലായി. ഏക്കറിന് 80,000 രൂപ വരെ ശരാശരി പാട്ടത്തുക തന്നെ വരും.
കൂപ്പുകുത്തി വില
കൊവിഡിന് മുമ്പ് ശരാശരി 30 രൂപയ്ക്കടുത്ത് പൈനാപ്പിളിന് വിലയുണ്ടായിരുന്നു. എന്നാൽ ആദ്യ ലോക്ക്ഡൗണിനെ തുടർന്ന് വൻതോതിൽ വിലയിടിഞ്ഞു. പിന്നീട് ഈ ജനുവരിയിലാണ് ഭേദപ്പെട്ട വില കർഷകർക്ക് ലഭിച്ചു തുടങ്ങിയത്. റംസാൻ സമയത്ത് പച്ചചക്കയ്ക്ക് മുപ്പതും പഴുത്ത ചക്കയ്ക്ക് നാല്പതിനടുത്തും വിലയെത്തിയിരുന്നു. എന്നാൽ കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വില പത്ത് രൂപയായി കൂപ്പു കുത്തി.
മുടങ്ങിയത് മൂന്ന് കോടിയുടെ കച്ചവടം
ദിവസവും മൂന്ന് കോടി രൂപയുടെ കച്ചവടമാണ് വാഴക്കുളത്ത് നടന്നിരുന്നത്. ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലെ പൈനാപ്പിളുകളെല്ലാം വാഴക്കുളത്ത് നിന്നാണ് കയറ്റുമതി ചെയ്തിരുന്നത്. കോട്ടയം കുറുപ്പുന്തറയിലും പൈനാപ്പിൾ സംഭരിക്കുന്നുണ്ടെങ്കിലും പ്രധാനപ്പെട്ട സംഭരണകേന്ദ്രം വാഴക്കുളമാണ്. ഇത് ഒറ്ററയടിക്ക് ഇല്ലാതായതോടെ വൻ സാമ്പത്തിക നഷ്ടമാണ് മേഖലയിലുണ്ടായിരിക്കുന്നത്.
''ആദ്യ ലോക്ക്ഡൗൺ സമയത്തേക്കാൾ വലിയ പ്രതിസന്ധിയിലാണ് ഇപ്പോൾ പൈനാപ്പിൾ കർഷകർ. വിളവെടുക്കാനും വിൽക്കാനും മാർഗമില്ല. ലക്ഷങ്ങൾ മുടക്കി ഉത്പാദിപ്പിച്ച പൈനാപ്പിൾ ഹോർട്ടികോർപ്പ് ഏറ്റെടുക്കണം. കർഷകർക്ക് വിളവെടുപ്പിനായി ലോക്ക്ഡൗൺ നിബന്ധനകളിൽ ഇളവ് നൽകണം.'
- ജെയിംസ് ജോർജ്
(പ്രസിഡന്റ്, പൈനാപ്പിൾ ഫാർമേഴ്‌സ് അസോസിയേഷൻ)