തൊടുപുഴ: ആദ്യ ലോക്ക്ഡൗൺ മുതൽ റിവേഴ്സ് ഗിയറിലായ സ്വകാര്യ ബസ് മേഖല രണ്ടാം ലോക്ക്ഡൗണോടെ പൂർണമായും കട്ടപ്പുറത്തായി.

കൊവിഡിന്റെ ആദ്യ വരവിനൊപ്പമുണ്ടായ ലോക്ക് ഡൗണിന്റെ ക്ഷീണം മാറി വരുമ്പോഴാണ് വീണ്ടുമൊരു ലോക്ക് ഡൗൺ. ആദ്യ ലോക്ക് ഡൗൺ കഴിഞ്ഞിട്ടും നിരത്തിലിറങ്ങാതെ ജി ഫോം നൽകി കട്ടപ്പുറത്തേറുകയായിരുന്നു ജില്ലയിലെ ഭൂരിഭാഗം ബസുകളും. പിന്നെ അവയിൽ ഭൂരിഭാഗവും നിരത്ത് കണ്ടിട്ടില്ല. ലോക്ക് ഡൗണിൽ ഇളവുകൾ വന്നപ്പോൾ കൂട്ടിയ ചാർജ്ജിൽ ചിലർ ഓട്ടം തുടങ്ങി. എന്നാൽ സർക്കാർ ചാർജ്ജ് കുറച്ചപ്പോൾ വീണ്ടും പ്രതിസന്ധിയിലായി. പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരുടെ എണ്ണം പകുതിയായതും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇടയ്ക്കിടെയുണ്ടാകുന്ന ഇന്ധന വിലവർദ്ധനവും സ്വകാര്യ ബസ് വ്യവസായത്തിന്റെ നടുവൊടിക്കുന്നു. വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കും എന്തിനേറെ ഡീസൽ നിറയ്ക്കാൻ പോലും പ്രയാസപ്പെടുന്ന സ്ഥിതിയാണെന്നും അവർ പറയുന്നു.

രണ്ടാം ലോക്ക് ഡൗൺ കൂടി കഴിയുന്നതോടെ സർവീസ് നടത്തുന്ന ബസുകളുടെ എണ്ണം നാമമാത്രമാകും. കൊവിഡ് പൂർണമായും ഒഴിഞ്ഞ് ജനജീവിതം സാധാരണ നിലയിലേക്ക് മാറിയാൽ മാത്രമേ ബസ് സർവീസ് നഷ്ടമില്ലാതെ നടത്താൻ കഴിയൂവെന്ന് ബസുടമകൾ പറഞ്ഞു. ബസുകൾ ഓടിയാലും ഇല്ലെങ്കിലും ഇപ്പോൾ മാസം പതിനായിരങ്ങൾ കടമാണ്. പല ബസുടമകളും ഇപ്പോൾ വലിയ കടക്കെണിയിലാണ്. അടിയന്തരമായി ആശ്വാസ നടപടികൾ പ്രഖ്യാപിച്ചില്ലെങ്കിൽ ലോക്ക് ഡൗണിന് ശേഷവും ഉണരാനാകാത്ത സ്ഥിതിയിലാകും സ്വകാര്യ ബസ് മേഖലയെന്ന് ഇവർ പറയുന്നു.

 ജില്ലയിലാകെ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ- 650

തൊഴിലാളികൾ ദുരിതത്തിൽ

കൊവിഡിന്റെ ഒന്നാം തരംഗത്തിൽ ഏറെക്കാലം കട്ടപ്പുറത്തായ ബസുകൾ നിരത്തിലിറങ്ങിയതോടെ വലിയ ആശ്വാസത്തിലായിരുന്നു തൊഴിലാളികൾ. എന്നാൽ രണ്ടാം തരംഗം പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിച്ചു. ചായക്കാശ് പോലും മിച്ചം വയ്ക്കാനാകാത്ത ദിവസങ്ങളിലൂടെയാണ് സ്വകാര്യ ബസ് തൊഴിലാളികൾ കടന്നുപോകുന്നത്. പലരും മറ്റു ജോലികൾ തേടി പോകേണ്ട അവസ്ഥയിലാണ്.

'കടുത്ത പ്രതിസന്ധിയാണ് സ്വകാര്യ ബസ് മേഖല നേരിടുന്നത്. ഒരു ബസുള്ളയാൾക്ക് ദിവസം ശരാശരി 1500 രൂപ നഷ്ടമുണ്ടാകുന്നുണ്ട്. സർക്കാർ ടാക്സിൽ ഇളവ് നൽകിയത് ആശ്വാസകരമാണ്. എന്നാൽ ഓടിയില്ലെങ്കിലും ഇൻഷുറൻസ് അടയ്ക്കണ്ടേ. ബസുകൾക്ക് മാത്രമായി ഡീസലിൽ സബ്സിഡി നൽകണം. അസോസിയേഷൻ യോഗം ചേർന്ന ശേഷം സ്വകാര്യ ബസുടമകളുടെ പ്രശ്നങ്ങൾ സർക്കാരിനെ അറിയിക്കും. "

-തൂഫാൻ തോമസ് (പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ്)​