raju
ലോക്ക് ഡൗണിനെ തുടർന്ന് വിൽക്കാൻ കഴിയാതെ നിർമ്മിച്ചു വച്ചിരിക്കുന്ന കുട്ടകൾക്ക് സമീപം രാജുവും ഭാര്യ രാജേശ്വരിയും.

ചെറുതോണി:ഈറ്റകൾ കൊണ്ട് കുട്ടകൾ നെയ്തു വഴിവക്കിൽ ഇരുന്ന് വിറ്റ് ഉപജീവനം നടത്തിവന്നിരുന്ന രാജുവിന്റെ ജീവിതം കൊവിഡ് പ്രതിസന്ധിയെ തുടർന്ന് കൂടുതൽ ദുരിതമായി. കൊവിഡ് രൂക്ഷമായതോടെ ഉപജീവനത്തിനായി ദുരിതമനുഭവിക്കുകയാണ് തമിഴ്‌നാട്ടിൽ നിന്നും ഇടുക്കിയിൽ എത്തിയ ഈ കുടുംബം. കഴിഞ്ഞ 25 വർഷമായി കുളമാവിൽ താമസമാക്കിയ തമിഴ് നാട് സ്വദേശിയായ രാജുവും കുടുംബവുമാണ് കൊവിഡ് മൂലം പ്രതിസന്ധിയിലായത്.
തമിഴ്‌നാട്ടിലെ കമ്പത്തു നിന്നുമാണ് രാജു കുടുംബത്തോടൊപ്പം ഇടുക്കിയിലെത്തിയത് ഈറ്റ കൊണ്ടുള്ള കുട്ടയും മുറവും കെട്ടിയുണ്ടാക്കിയാണ് ഇവർ ഉപജീവനം നടത്തിയിരുന്നത് .
പകൽ റോഡുവക്കിൽ ഇരുന്ന് കുട്ടയും മുറവും മീൻകൂടെയുമൊക്കെ നെയ്ത് വഴിയാത്രക്കാർക്ക് വിൽക്കും. മുൻപൊക്കെ വൈകിട്ട് കടത്തിണ്ണയിലാണ് ഈ കുടുംബം അന്തിയുറങ്ങിയിരുന്നത്.
മറ്റു സമയങ്ങളിൽ നിർമ്മിക്കുന്ന ഉത്പ്പനങ്ങൾ വണ്ടിയിൽ കയറ്റി തമിഴ്‌നാട്ടിൽ തന്നെ കൊണ്ടുപോയി വിൽപ്പന നടത്തും. രണ്ടാഴ്ച കൂടുമ്പോൾ ഇത്തരത്തിൽ സാധനങ്ങൾ നാട്ടിലെ ചന്തയിൽ കൊണ്ടുപോയി വിൽക്കുമ്പോൾ ലഭിക്കുന്ന പണം മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാമായിരുന്നു. എന്നാൽ ഇതെല്ലാം കഴിഞ്ഞ ഒരു വർഷക്കാലമായി നിലച്ചിരിക്കുകയാണന്ന് രാജു പറഞ്ഞു. കൊവിഡും ലോക് ഡൗണും മൂലം റോഡിൽ വാഹനങ്ങളും യാത്രക്കാരുമില്ല. യാത്ര ചെയ്യാൻ കഴിയാത്തതു മൂലം വാഹനത്തിൽ കയറ്റി കൊണ്ടുപോയി ഉൽപന്നങ്ങൾ വിൽക്കാനും കഴിയുന്നില്ല . തലചായ്ക്കാൻ ഇടമില്ലാതെ കട തിണ്ണകളിൽ അന്തിയുറങ്ങിയിരുന്ന ഇവർക്ക് ഇപ്പോൾ ഏക ആശ്രയം വൈദ്യുതി വകുപ്പിന്റെ ഇടിഞ്ഞുപൊളിഞ്ഞ പഴയ ക്വാട്ടേഴ്‌സാണ്. മറ്റ് അവകാശങ്ങൾ ഒന്നുമില്ലെങ്കിലും കയറിക്കിടക്കാൻ ഉദ്യോഗസ്ഥർ നൽകിയ അനുമതിയാണ് ആശ്വാസമായതെന്നും നാട്ടുകാരുടെ എല്ലാവിധ സഹായങ്ങളും ലഭിക്കുന്നുണ്ടെന്നും രാജുവിന്റെ ഭാര്യ രാജേശ്വരി പറയുന്നു. റേഷൻ കാർഡ് ഇല്ലാത്തതിനാൽ മണ്ണെണ്ണയും ലഭിക്കില്ല. ഇതോടെ സർക്കാരിൽ നിന്നുള്ള സൗജന്യ അരി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും നേടാനോ ഇവർക്ക് കഴിയുന്നില്ല.