ooda

തൊടുപുഴ: മൗണ്ട് സീനായി റോഡിൽ ഓടയിൽ വെള്ളം കെട്ടുന്നത് സമീപ വാസികൾക്ക് ഭീഷണിയാകുന്നു. ഇവിടെയുള്ള കലുങ്കിന് കേടുപാടുകൾ സംഭവിച്ച് അടഞ്ഞതിനാൽ മഴയെത്തുമ്പോൾ വെള്ളം ഒഴുകി പോകാത്തതാണ് പ്രശ്‌നം. പൊതുമരാത്ത് വകുപ്പിന്റെ കീഴിൽ വരുന്ന റോഡിന്റെ ഓട കാലങ്ങളായി ശുചീകരിച്ചിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. തൊടുപുഴ നഗരത്തിൽ നിന്ന് എളുപ്പത്തിൽ മങ്ങാട്ടുക്കവല, പെരുമ്പിള്ളിച്ചിറ മേഖലയിലേക്ക് പോകാവുന്ന തിരക്കുള്ള റോഡ് കൂടിയാണ് ഇത്. ശക്തമായ മഴയിൽ സമീപ പ്രദേശങ്ങളിൽ നിന്നെത്തുന്ന വെള്ളം റോഡിലൂടെ പരന്ന് ഒഴുകുന്നതിനാൽ വാഹനങ്ങൾ കടന്ന് പോകുന്നതിനും ബുദ്ധിമുട്ടുണ്ട്. ദിവസങ്ങളോളം ഇതിനാൽ തന്നെ ഓടയിൽ വെള്ളം കെട്ടി കിടന്ന് കൊതുക് ഉൾപ്പെടെയുള്ളവ പെറ്റുപെരുകുന്നതിനും കാരണമാകുന്നു. ഇരുവശത്തുമുള്ള ഓടയിൽ വെള്ളം കെട്ടുന്നുണ്ട്. കലുങ്ക് പുതുക്കി പണിത് വെള്ളമൊഴുക്ക് സുഗമമാക്കണമെന്നാണ് ഉയരുന്ന ആവശ്യം. സമാനമായി തന്നെ റോഡ് ആരംഭിക്കുന്ന സ്ഥലം മുതൽ തിയേറ്ററിന് സമീപം വരെ ഓടയുണ്ടെങ്കിലും ഇതും ശുചീകരിക്കാത്തതിനാൽ വെള്ളം റോഡിലൂടെ ഒഴുകുകയാണ്. അതേ സമയം വാർഡ് മെമ്പറുമായി ബന്ധപ്പെട്ട് ഓടയുടെ ശുചീകരണം ഉടൻ നടത്തുമെന്ന് നഗരസഭ ചെയർമാൻ സനീഷ് ജോർജ് പറഞ്ഞു. മറ്റ് വാർഡുകളിലെ ഇത്തരം ജോലികൾ പരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.