തൊടുപുഴ: മലങ്കര അണക്കെട്ടിൽ ജലനിരപ്പ് 38.76 മീറ്ററായി താഴ്ന്നതോടെ എഴോളം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ നൂറിൽപരം കുടിവെള്ള പദ്ധതികൾ സ്തംഭിച്ചു.മുട്ടം,കുടയത്തൂർ, അറക്കുളം,വെള്ളിയാമറ്റം,ഇടവെട്ടി, ആലക്കോട്,കരിങ്കുന്നം തുടങ്ങിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സ്ഥലങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്നത് പ്രധാനമായും മലങ്കര അണക്കെട്ടിൽ നിന്നാണ്.കൂടാതെ മുട്ടം ജില്ലാ ജയിലിലേക്കും കുടിവെള്ളം എത്തിക്കുന്നതും ഇവിടെ നിന്നാണ്. അണക്കെട്ടിന്റെ രണ്ട് കരകളിലുമായി കിണറുകളും കുളങ്ങളും സ്ഥാപിച്ച് കിലോമീറ്ററുകളോളം ദൂരത്തിൽ പൈപ്പിലൂടെയാണ് ഓരോ സ്ഥലങ്ങളിലേക്കും കുടിവെള്ളം എത്തിക്കുന്നത്.ജല നിരപ്പ് താഴുമ്പോൾ കിണറുകളിലേയും കുളങ്ങളിലേയും വെള്ളം വറ്റുന്നതാണ് പദ്ധതികൾ സ്തംഭിക്കാൻ കാരണം.കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെയും വിവിധ തദ്ദേശ സ്ഥാപനങ്ങളുടെയും മറ്റ് വിവിധ ഏജൻസികളുടെയും സ്വകാര്യ വ്യക്തികളുടെയും ഫണ്ടുകൾ ഉപയോഗിച്ചുമാണ് ഓരോ കുടിവെള്ള പദ്ധതികളും സ്ഥാപിച്ച് കുടിവെള്ളം ഉപയോഗിച്ച് വരുന്നതും.മൂലമറ്റം വൈദ്യുതി നിലയത്തിലെ ഉത്പാദനവും സ്വഭാവിക നീരോഴുക്കും കുറഞ്ഞതിനെത്തുടർന്നാണ് അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നത്.
ഒഴുക്കി വിടുന്ന വെള്ളത്തിന്റെ
അളവ് കുറയ്ക്കണം
അണക്കെട്ടിൽ ജലനിരപ്പ് കുറയുന്ന സാഹചര്യമുണ്ടായാൽ തൊടുപുഴ ആറ്റിലേക്ക് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചാൽ അണക്കെട്ടിലെ ജലനിരപ്പ് ഗണ്യമായി കുറയുന്നതും വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ കുടിവെള്ള പദ്ധതികൾ സ്തംഭിക്കുന്ന അവസ്ഥ ഒഴിവാക്കാനും കഴിയും.എന്നാൽ ഇത്തരത്തിലുള്ള സാഹചര്യം ഒരുക്കാൻ അധികൃതർ വർഷങ്ങളായി തയ്യാറാകുന്നുമില്ല.ഇതേ തുടർന്ന് അണക്കെട്ടിലെ കുടിവെള്ള പദ്ധതിയെ മാത്രം ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങൾ മഴക്കാലത്തും കുടിവെള്ളം കിട്ടാതെ നെട്ടോട്ടം ഓടുന്ന അവസ്ഥയാണുള്ളത്.