ഇടുക്കി: നിലവിൽ പഠിക്കുന്ന സ്‌കൂളിൽ നിന്നും ടിസി ) ഇല്ലാതെ കുട്ടികൾക്ക് സർക്കാർ സ്‌കൂളുകളിൽ പ്രവേശനം നൽകാനുള്ള സർക്കാർ നീക്കം നിലവിലെ കെ ഇ ആർ ചട്ടങ്ങളുടെ ലംഘനമെന്ന് കേരള അംഗീകൃത സ്‌കൂൾ മനേജ്മന്റ്‌സ് അസോസിയേഷൻ (കെഎസ്ആർഎസ്എംഎ) . സർക്കാർ സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണം പെരുപ്പിക്കാനുള്ള നീക്കമായാണിതെന്നും സംഘടന പറഞ്ഞു.
ഡി ഇ ഒമാർ കൊടുക്കുന്ന നിർദ്ദേശം, ഗവണ്മെന്റ് സ്‌കൂളിൽ റ്റി സി ഇല്ലാതെ അഡ്മിഷൻ എടുക്കനാഗ്രഹിക്കുന്ന ഏതെങ്കിലും അൺ എയ്ഡഡ് സ്‌കൂൾ കുട്ടി എത്തിയാൽ അവരുടെ യുഐഡി നമ്പർ സമ്പൂർണ്ണയിൽ നിന്നും ഡിലീറ്റ് ചെയ്യാതിരിക്കുകയോ റ്റി സി നൽകാതിരിക്കുകയോ ചെയ്താൽ ഐടി അറ്റ് സ്‌കൂളിൽ നേരിട്ട് ബന്ധപ്പെട്ട് കുട്ടി മുൻപ് പഠിച്ച സ്‌കൂളിൽ നിന്ന യുഐഡി നമ്പർ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനമൊരുക്കാമെന്നാണ്. ഇത്തരം നടപടികൾ അൺ എയ്ഡഡ് സ്‌കൂളുകളുടെ സർവ്വനാശത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി അസോസിയേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
സംസ്ഥാനത്തെ സർക്കാർ അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകൾ അടച്ചു പൂട്ടലിന്റെ വക്കിലെന്ന് അംഗീകൃത സ്‌കൂൾ മനേജ്‌മെന്റ് അസോസിയേഷൻ നൽകിയ നിവേദനത്തിൽ പറയുന്നു. ഡി.ഇ.ഒമാരുടെ ഭീഷണി, റ്റിസിഇല്ലാതെ കുട്ടികൾക്ക് സർക്കാർ സ്‌കൂളിൽ പ്രവേശനം എന്നിവയാണ് അൺഎയ്ഡഡ് മേഖലയെ തകർക്കുന്നതെന്ന് അസോസിയേഷൻ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആരോപിക്കുന്നു. കൊവിഡ് പ്രതിസന്ധി ആരംഭിച്ച നാൾമുതൽ എല്ലാ സ്‌കൂളുകളും ഫീസ് ഇളവ് നൽകുന്നുണ്ട്. രണ്ട് വർഷത്തോളം ഫീസ് അടയ്ക്കാത്ത കുട്ടികളെ ഫീസ് അടയ്ക്കാൻ തയ്യാറാവാതെ മറ്റ് സ്‌കൂളുകളിലേക്ക് പോകുന്ന സാഹചര്യമാണ് സർക്കാർ ഒരുക്കുന്നത്. കഴിഞ്ഞ വർഷം എല്ലാ അൺഎയ്ഡഡ് സ്‌കൂളുകളും സ്വന്തം നിലയ്ക്ക് ഓൺലൈൻ ക്ലാസുകൾ നടത്തിയിരുന്നു. ഇതിന്റെ ഗുണഫലം അനുഭവിച്ച വിദ്യാർത്ഥികളാണ് ഫീസ് കുടിശിക അടയ്ക്കാതെ സർക്കാർ സ്‌കൂളുകളിലേക്ക് ചേക്കേറുന്നത്.
ഫീസ് ഇനത്തിൽ കിട്ടുന്ന വരുമാനം മാത്രമാണ് അദ്ധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും ശമ്പളം ഉൾപ്പെടെയുള്ള ചിലവുകൾ ഇത്തരം സ്‌കൂളുകൾ നടത്തുന്നത്. കൊവിഡ് കാലയളവിൽ സംസ്ഥാനത്തെ അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകൾ കടുത്ത പ്രതിസന്ധി നേരിടുകയാണെന്നും അസോസിയേഷൻ നേതാക്കൾ പറഞ്ഞു.