ഇടുക്കി: മൂന്നാറടക്കമുള്ള തോട്ടം മേഖലയിൽ കൊവിഡ് പടരുന്നു. ഒരാഴ്ചയ്ക്കിടെ മൂന്നാർ മേഖലയിൽ 12 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ദേവികുളത്ത് നാലും മൂന്നാറിൽ ആറും പള്ളിവാസൽ, വട്ടവട എന്നിവിടങ്ങളിൽ ഓരോരുത്തർ വീതവുമാണ് ഒരാഴ്ചയ്ക്കിടെ മരിച്ചത്. ഇന്നലെ മൂന്നാർ പഞ്ചായത്തിൽ മാത്രം മൂന്ന് പേർ മരിച്ചു. തോട്ടം മേഖലയായ ദേവികുളം, പള്ളിവാസൽ, മൂന്നാർ, വട്ടവട പഞ്ചായത്തുകളിലെ ആകെ രോഗികളുടെ എണ്ണം ആയിരത്തിനടുത്തെത്തി. എസ്റ്റേറ്റ് മേഖലയിൽ കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്ക് സർക്കാർ മാനദണ്ഡപ്രകാരമുള്ള നിരീക്ഷണം, പരിശോധന എന്നിവ ലഭിക്കുന്നില്ലെന്ന വിമർശനമുണ്ട്. തോട്ടംമേഖലയിലെ ലയങ്ങളിലടക്കം പരിമിതമായ സാഹചര്യങ്ങളിൽ കഴിഞ്ഞുകൂടുന്നതുകൊണ്ട് രോഗികൾക്ക് നിരീക്ഷണത്തിലിരിക്കാൻ സാധിക്കാത്തതാതാണ് രോഗികളുടെ എണ്ണം വർദ്ധിക്കാൻ കാരണം. പനി ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ ഉള്ളവർ ഡിവിഷനുകളിലെ ക്ലിനിക്കുകളിൽ നിന്ന് പനിയ്ക്കുള്ള ഗുളികകൾ വാങ്ങി കഴിച്ച ശേഷം ലയങ്ങളിൽ വിശ്രമിക്കുകയാണ് പതിവ്. ഇവരുടെ കുടുംബാംഗങ്ങൾ പണിക്കിറങ്ങുകയും ചെയ്യും. തൊഴിലാളി മേഖലയും അടുത്തടുത്ത് നിരവധി ലയങ്ങൾ സ്ഥിതിചെയ്യുന്നതുമായ മൂന്നാറിൽ എസ്റ്റേറ്റ് പ്രദേശങ്ങളിൽ തീവ്രവ്യാപനത്തിനുള്ള സാദ്ധ്യത ഏറിയതോടെ ആരോഗ്യവകുപ്പും പഞ്ചായത്തും പൊലീസും നടപടികൾ ശക്തമാക്കിയിരിക്കുകയാണ്. രോഗവ്യാപനം രൂക്ഷമായി തുടരുന്ന പള്ളിവാസൽ പഞ്ചായത്തിന് കീഴിലുള്ള ചിത്തിരപുരം, കല്ലാർ സി.എച്ച്.സികളുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
ഓക്സിജൻ പാർലർ സജീകരിച്ചു
അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി പഴയ മൂന്നാറിലെ ശിക്ഷക് സദനിൽ പ്രവർത്തിക്കുന്ന ഡൊമിസിലിയറി കെയർ സെന്ററിൽ ഓക്‌സിജൻ പാർലർ സജ്ജീകരിച്ചു. 20 കിടക്കകളുള്ള ഓക്‌സിജൻ വാർഡിൽ രണ്ട് ഡോക്ടർമാരുടെയും ജെ.എച്ച്.ഐയുടെയും സേവനം ലഭിക്കും. ടാറ്റാ റ്റീ ജനറൽ ആശുപത്രി ചീഫ് മെഡിക്കൽ ആഫീസർ ഡോ. ഡേവിഡ് ജോൺ ചെല്ലി, ഡോ. സജി എന്നിവരുടെ നേതൃത്വത്തിലാണ് ഓക്‌സിഡൻ വാർഡുകൾ സജ്ജീകരിച്ചത്. ഗുരുതരാവസ്ഥയിലുള്ള അറുപതോളം രോഗികൾക്ക് ഒരേ സമയം ഇവിടെ ചികിസ നൽകാനാകും. ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും ഒന്നര ലക്ഷം രൂപയാണ് ഇതിനായി മുടക്കിയിരിക്കുന്നത്.