തൊടുപുഴ: അപകടത്തിൽപ്പെട്ട് ആരും തിരിഞ്ഞുനോക്കാതെ വഴിയിൽ കിടന്ന അമ്മയ്ക്കും മകൾക്കും രക്ഷകരായി മോട്ടോർ വാഹന വകുപ്പ്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ പട്ടയംകവലയിലായിരുന്നു അപകടം. കരിമണ്ണൂർ കിളിയറ
നാലുംനൊടിയിൽ മിനി സുകുമാരൻ (46) മകൾ ശ്രീപാർവതി (24) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ക്ഷേമനിധിയുടെ കാര്യത്തിനും മരുന്ന് വാങ്ങാനുമായി സ്കൂട്ടറിൽ തൊടുപുഴയിലേക്ക് വരികയായിരുന്നു ഇരുവരും. പട്ടയംകവലയെത്തിയപ്പോൾ സിഗ്നലിടാതെ ഇടവഴിയിൽ നിന്ന് കയറി വന്ന ഓട്ടോറിക്ഷയിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. കൊവിഡായതിനാലാകണം റോഡിൽ വീണ ഇരുവരെയും ആരും പിടിച്ചെഴുന്നേൽപ്പിക്കാനോ ആശുപത്രിയിലെത്തിക്കാനോ ശ്രമമുണ്ടായില്ല. ഇതിനിടെ അപകടത്തിനിടയാക്കിയ ആട്ടോറിക്ഷക്കാരനും സ്ഥലം വിട്ടു. ഇതോടെ നിസഹായരായ വീട്ടമ്മയും മകളും മുമ്പ് ലൈസൻസ് എടുക്കുന്നതുമായി ബന്ധപ്പെട്ട് പരിചയമുള്ള മോട്ടോർ വാഹന വകുപ്പ് ജോയിന്റ് ആർ.ടി.ഒ നസീറിനെ വിളിച്ച് കാര്യം പറഞ്ഞു. പരിശോധനയ്ക്കായി പോയ വകുപ്പിന്റെ വാഹനം ഈ സമയം സംഭവസ്ഥലത്തിന് സമീപത്തുണ്ടായിരുന്നു. തുടർന്ന് ഇവരെത്തി ഇരുവരെയും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മിനിയ്ക്ക് കൈയ്ക്കും കാലിനും മുറിവും ശ്രീപാർവതിയ്ക്ക് തോളിന് നിസാര പരിക്കുകളേറ്റു. ആശുപത്രിയിൽ വേണ്ട സഹായങ്ങളും നൽകിയ ശേഷമാണ് മോട്ടോർ വാഹന വകുപ്പിലെ ജീവനക്കാർ മടങ്ങിയത്. നാട്ടുകാർ ഒരു സഹായവും ചെയ്യാതിരുന്നപ്പോൾ കുടുംബാംഗങ്ങളോടെന്ന പോലെയാണ് മോട്ടോർ വാഹന വകുപ്പ് ജീവനക്കാർ തങ്ങളോട് പെരുമാറിയതെന്ന് മിനി പറഞ്ഞു. എ.എം.വി.ഐ പി.കെ. ബാബു, എം.വി.ഐ സക്കീർ, നിഷാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.