* 98-ാം വയസിൽ രോഗമുക്തയായി
ഇടുക്കി: ഇനി ജില്ലയുടെ കൊവിഡ് പോരാളിയായി ഈ 98 കാരി അറിയപ്പെടും. കുമളി കൊല്ലം പട്ടട സ്വദേശി ലക്ഷ്മി അമ്മയാണ് ഈ പ്രായത്തിലും കൊവിഡിനെ തുരത്തി ജീവിതത്തിലേക്ക് തിരികെ വന്നത്. മൂന്ന് ആഴ്ച മുമ്പാണ് ലക്ഷ്മി അമ്മ കൊവിഡ് രോഗ ബാധിതയായി പെരിയാർ ഹോസ്പിറ്റലിലുള്ള സി.എഫ്.എൽ.ടി.സിയിൽ എത്തുന്നത്. പ്രായത്തിന്റേതായ ആരോഗ്യ പ്രശ്‌നങ്ങളും കൊവിഡിനെ തുടർന്ന് ഓക്‌സിജന്റെ അളവിലുണ്ടായ കുറവുമാണ് അമ്മയെ വലച്ചത്. എന്നാൽ ഇതെല്ലാം ദിവസങ്ങൾക്കകം തരണം ചെയ്ത അവർ ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും ടാറ്റാ നൽകി ഇന്നലെ വീട്ടിലേക്ക് മടങ്ങി. പ്രായത്തിന്റേതായ ചില ബുദ്ധിമുട്ടുകളൊഴിച്ചാൽ ലക്ഷ്മി അമ്മ പെർഫക്ട് ഓകെയാണ്. സി.എഫ്.എൽ.ടി.സിയിലെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും പ്രശംസനാതീതമായ പ്രവർത്തനങ്ങളാണ് ഈ വിജയത്തിന് പിന്നിൽ. ഒപ്പം ലക്ഷ്മി അമ്മയെപോലെ ഏതൊരാൾക്കും പരിശ്രമിച്ചാൽ കൊവിഡിൽ നിന്ന് മുക്തി നേടാമെന്ന സന്ദേശവും ഇത് നൽകുന്നു.