reji

രാജാക്കാട് :രാജാക്കാട് പഞ്ചായത്തംഗം പനച്ചിയ്ക്കൽ റെജി (52) പാലായിൽ സ്വകാര്യ ആശുപത്രിയിൽ കൊവിഡാനന്തര ചികിൽസയിലിരിക്കെ മരിച്ചു.നെടുങ്കണ്ടം ബ്‌ളോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റാണ്. കോൺഗ്രസ്സ് ഉടുമ്പൻചോല ബ്‌ളോക്ക് പ്രസിഡ്ന്റുx.മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഐ. എൻ. ടി. യു. സി )ജില്ലാ പ്രസിഡന്റുമാണ്. 2015 ൽ നെടുങ്കണ്ടം ബ്‌ളോക്ക് പഞ്ചായത്ത് രാജാക്കാട് വാർഡിൽ നിന്നും വിജയിച്ച് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി. 2019 ഏപ്രിൽ മുതൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ രാജാക്കാട് ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡിൽ നിന്നും വിജയിച്ചു. കോൺഗ്രസ്സ് രാജാക്കാട് മണ്ഡലം പ്രസിഡന്റ്, ഐ. എൻ. ടി. യു. സി ഉടുമ്പൻചോല റീജിയണൽ പ്രസിഡന്റ് തുടങ്ങി നിരവധി പദവികൾ വഹിച്ചിട്ടുണ്ട്.

ഒരു മാസം മുൻപ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. തുടർന്ന് ന്യുമോണിയ ബാധിച്ചതോടെ തൊടുപുഴയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ നില വഷളായതിനാൽ പതിനഞ്ച് ദിവസം മുൻപ് പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെന്റിലേറ്ററിലായ ഇദ്ദേഹം കൊവിഡ് നെഗറ്റീവ് ആയെങ്കിലും ന്യുമോണിയയ്ക്ക് കുറവുണ്ടായില്ല. ഏതാനും ദിവസം മുൻപ് നില മെച്ചപ്പെട്ടെങ്കിലും ഇന്നലെ വൈകിട്ടോടെ വീണ്ടും വഷളായി. തുടർന്ന് രാത്രി എട്ടരയോടെ മരണമടയുകയായിരുന്നു.

ഭാര്യ ഷൈല (ഐ. സി. ഡി. എസ് സൂപ്പർവൈസർ അടിമാലി)രാജാക്കാട് വെട്രോത്ത് കുടുംബാംഗം. മക്കൾ: തങ്കം, താരാസ്. മരുമകൻ രതീഷ്.