* ഗ്യാസ് സിലിണ്ടർ അപകടങ്ങൾ വർദ്ധിക്കുന്നു
തൊടുപുഴ: പാചകവാതക സിലിണ്ടറുകൾ ലീക്ക് ചെയ്ത് അപകടങ്ങളുണ്ടാകുന്നത് വ്യാപകമാവുന്നു. തൊടുപുഴ നഗരസഭയിലും സമീപത്തെ പഞ്ചായത്ത് പ്രദേശങ്ങളിലും വിതരണം ചെയ്യുന്ന ഗ്യാസ് സിലിണ്ടറുകളിൽ ഇത്തരം തകരാറുകൾ പതിവാണ്. സിലിണ്ടർ ലീക്ക് ചെയ്തതിനെ തുടർന്ന് തീ പടർന്നും സിലിണ്ടർ പൊട്ടിത്തെറിച്ചും തൊടുപുഴയിൽ തന്നെ വിവിധ സ്ഥലങ്ങളിൽ അടുത്ത നാളുകളിൽ ചെറുതും വലുതുമായ നിരവധി അപകടങ്ങളും ഉണ്ടായിട്ടുണ്ട്. മുട്ടം, വെള്ളിയാമറ്റം, കരിമണ്ണൂർ തുടങ്ങിയ നാളുകളിലാണ് ഏറ്റവുമൊടുവിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്നുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. സിലിണ്ടറിന്റെ വാഷറിലാണ് ലീക്ക് കൂടുതലായും സംഭവിക്കുന്നത്.
അപകടകരമായ രീതിയിൽ സിലണ്ടറുകളിൽ നിന്ന് പാചക വാതകം ലീക്ക് ചെയ്യുന്ന കാര്യം അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.പാചക വാതക ഏജൻസികളും ഇതിൽ നിന്ന് മുഖം തിരിക്കുകയാണ്. സിലിണ്ടറിലെ ലീക്ക്, മറ്റ് അപകടാവസ്ഥകൾ ശ്രദ്ധയിൽപെട്ടാൽ പരിഹാരത്തിന് വേണ്ടി ജനം ആദ്യം ബന്ധപ്പെടുന്നത് ഏജൻസി ആഫീസിലാകും. ഏജൻസി ആഫീസുകളിൽ പ്രാദേശികമായി ഒന്നിലേറെ കോൺടാക്ട് നമ്പറുകൾ ഉണ്ടെങ്കിലും അവയിലൊന്നും വിളിച്ചാൽ ആരെയും കിട്ടാറില്ല. കിട്ടിയാൽ തന്നെ വ്യക്തമായ മറുപടിയും ലഭിക്കില്ല. വിതരണം ചെയ്യുന്ന സിലിണ്ടറുകൾ ലീക്ക് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമായും ഏജൻസികളാണ്. എന്നാൽ ഇത്തരം കാര്യങ്ങളിലൊന്നും അവർക്ക് താത്പര്യമില്ല. ജനങ്ങളിൽ നിന്ന് എന്തെങ്കിലും പരാതികൾ ഉയർന്നാൽ തന്നെ അത് പരിഹരിക്കാനും അവർ ശ്രമിക്കാറുമില്ല. കൃത്യമായി പണം വാങ്ങിയിട്ട് സിലിണ്ടർ നൽകുകയെന്നതല്ലാതെ മറ്റ് കാര്യങ്ങൾ ഒന്നും തങ്ങളുടെ ഉത്തരവാദിത്വം അല്ല എന്നാണ് മിക്കവാറും പ്രദേശികമായ ഏജൻസികൾ ജനത്തിനോട് പറയുന്നതും.
റിപ്പോർട്ടുകളെല്ലാം അവഗണിക്കുന്നു
ഗ്യാസ് സിലിണ്ടറിൽ നിന്നുള്ള ഇത്തരത്തിലുള്ള അപകടങ്ങൾ സംബന്ധിച്ച് കൃത്യമായി അറിവുള്ള പൊലീസ്- അഗ്നിശമന വകുപ്പ് ഉദ്യോഗസ്ഥർ ഉന്നത കേന്ദ്രങ്ങളിൽ റിപ്പോർട്ടുകൾ നൽകാറുണ്ട്. എന്നാൽ അതെല്ലാം വർഷങ്ങളായി അവഗണിക്കപ്പെടുകയാണെന്ന് ഉദ്യോഗസ്ഥർ തന്നെ പറയുന്നു.