ചെറുതോണി: വിവാദ കരിനിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന കർഷകമഹാസമരം ആറ് മാസം പൂർത്തിയാവുന്ന ഇന്ന് മലനാട് കർഷക രക്ഷാസമിതിയുടെ നേതൃത്വത്തിൽ കർഷകർ കരിദിനം ആചരിക്കും. മൂന്ന് വിവാദ കർഷകവിരുദ്ധ കരിനിയമങ്ങളും പിൻവലിക്കണമെന്നും മിനിമം താങ്ങുവില ഉറപ്പുവരുത്തി കാർഷികോത്പന്നങ്ങൾ സംഭരിക്കണമെന്നും മലനാട് കർഷക രക്ഷാസമിതി ആവശ്യപ്പെടുന്നു. വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കണമെന്നും കർഷകർക്ക് സമ്പൂർണ കടാശ്വാസം നൽകണമെന്നും വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണത്തിൽ നിന്ന് കർഷകർക്ക് ശാശ്വത സംരക്ഷണം ഉറപ്പുവരുത്തണമെന്നും മലനാട് കർഷക രക്ഷാസമിതി തുടർച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. കർഷകതാല്പര്യങ്ങൾ സംരക്ഷിക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾ തയ്യാറാവണമെന്നും മലനാട് കർഷക രക്ഷാസമിതി ആവശ്യപ്പെട്ടു. സമിതി പ്രസിഡന്റ് പ്രൊഫ. ജോസ്‌കുട്ടി ജെ. ഒഴുകയിലിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ചേർന്ന യോഗത്തിൽ രാജു സേവ്യർ, അപ്പച്ചൻ ഇരുവേലി, വി.വി. മാണി, ജോസ് ശൗര്യാംമാക്കൽ, വക്കച്ചൻ ചേറ്റാനി എന്നിവർ പ്രസംഗിച്ചു.