തൊടുപുഴ: കേന്ദ്ര സർക്കാരിന്റെ മേൽ നോട്ടത്തിൽ വികസിപ്പിച്ച കൊവിഡ് ചികിത്സയ്ക്കുള്ള ആയുഷ്- 64 മരുന്ന് വിതരണം സർക്കാർ ആയുർവേദ ഡിസ്‌പെൻസറികളിലൂടെയും ആശുപത്രികളിലൂടെയും ഡോക്ടർമാരുടെ മേൽനോട്ടത്തിലാവണമെന്ന് കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ. ഈ മരുന്ന് ആരോഗ്യ മേഖലയുമായി ബന്ധമില്ലാത്ത ഏജൻസികൾ വഴി വിതരണം ചെയ്യുന്നത് അശാസ്ത്രീയമാണെന്നും കേന്ദ്ര നടപടി പിൻവലിക്കണമെന്നും ഭാരവാഹികൾ പറഞ്ഞു. കേരളത്തിൽ കൊവിഡ് ചികിത്സയുടെ ഭാഗമായി സർക്കാർ പദ്ധതികൾ നടക്കുമ്പോൾ അതിലേയ്ക്ക് മരുന്നുകൾ അനുവദിച്ച് ശാസ്ത്രീയമായി ചികിത്സിക്കണമെന്ന് കേരള ഗവ. ആയുർവേദ മെഡിക്കൽ മെഡിക്കൽ ആഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ: ആർ കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി ഡോ. വി.ജെ. സെബി എന്നിവർ പറഞ്ഞു.