മൂലമറ്റം: മൂലമറ്റം നിവാസികൾക്ക് സുപരിചിതനായ അമ്മാവൻ എന്നു വിളിക്കുന്ന പാപ്പച്ചൻ തോമസിനെ സേവാഭാരതി പ്രവർത്തകർ അറക്കുളം പഞ്ചായത്തിന്റെയും കാഞ്ഞാർ പൊലീസിന്റെയും സാമൂഹിക നീതി വകുപ്പിന്റെയും സഹകരണത്തോടെ ചെങ്കുളം മേഴ്സി ഹോമിലേക്ക് മാറ്റി. വർഷങ്ങളായി കയറിക്കിടക്കാൻ വീടില്ലാതെ കടത്തിണ്ണയിലും സ്കൂൾ വരാന്തയിലുമായിരുന്നു ഇദ്ദേഹം കഴിഞ്ഞിരുന്നത്. ടൗണിലെ പാഴ് വസ്തുക്കൾ സംഭരിച്ച് വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്. പാപ്പച്ചന്റെ അവസ്ഥ അറിഞ്ഞ് സേവാഭാരതിയുടെ പ്രവർത്തകർ പ്രഭാത ഭക്ഷണവും അത്യാവശ്യ സഹായങ്ങളും എത്തിച്ചു. ഉച്ചഭക്ഷണം പഞ്ചായത്തിന്റെ സാമൂഹ്യ അടുക്കളയിൽ നിന്ന് എത്തിച്ചു നൽകി. കാലവർഷം ശക്തി പ്രാപിക്കുകയും കൊവിഡ് പടർന്ന് പിടിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പാപ്പച്ചനെ മാറ്റിയത്. പഞ്ചായത്ത് മെമ്പർ പി.എ. വേലുക്കുട്ടൻ, യുവമോർച്ച ജില്ലാ കമ്മിറ്റിയംഗം വിജീഷ് വിജയൻ എന്നിവർ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. വിനോദ്, സാമൂഹിക നീതി വകുപ്പ്, ആരോഗ്യ വകുപ്പ്, പൊലീസ് എന്നിവരുമായി ബന്ധപ്പെട്ട് നടപടികൾ വേഗത്തിലാക്കി. സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ മനസിലാക്കുകയും ചെയ്തു. തൊടുപുഴ മേഖലയിലുള്ള കെയർ ഹോമുകളും നിറഞ്ഞതിനാൽ അടിമാലി ചെങ്കുളത്തെ മേഴ്സി ഹോമിലേക്ക് മാറ്റാൻ അവർ നിർദ്ദേശിച്ചു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ കത്ത്, കൊവിഡ് നെഗറ്റീവാണെന്ന സർട്ടിഫിക്കറ്റ്, പൊലീസിൽ നിന്നുള്ള അനുമതിപത്രം എന്നിവ സഹിതമാണ് ഇദ്ദേഹത്തെ ചെങ്കുളത്തേക്ക് മാറ്റിയത്. സേവാഭാരതി പ്രവർത്തകരായ ടി.ബി. അജീഷ്, മനേഷ് മോഹൻ, ബിനീഷ് ചേറാടി, എൻ. രതീഷ്, പി.വി. സൗമ്യ, അനുപ്രസാദ്, എം.ആർ. ഹരിലാൽ, എം.കെ. രാജേഷ്, എം.ജി. ഗോപാലകൃഷ്ണൻ, എ.കെ.ആർ ബിനീഷ് എന്നിവർ നേതൃത്വം നൽകി.