തൊടുപുഴ: നഗരസഭാ പരിധിയിൽ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതോടെ ചുങ്കം സെന്റ് മേരീസ് യു.പി സ്‌കൂളിൽ ആരംഭിച്ച ഡൊമിസിലറി കെയർ സെന്ററിലെ പ്രവർത്തനം ഏറ്റെടുത്ത് സി.പി. എം പ്രവർത്തകർ. സി.പി.എം കോലാനി ലോക്കൽ സെക്രട്ടറി ആർ. പ്രശോഭും 25 ഡി.വൈ.എഫ്.ഐ പ്രവർത്തകരും 24 മണിക്കൂറും ഡി.സി.സിയിലുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് ചികിത്സ കേന്ദ്രത്തിലുള്ള കൊവിഡ് രോഗികൾക്ക് പരിചരണം നൽകുന്നത്. മുപ്പത്തോളം കൊവിഡ് രോഗികളുള്ള ചികിത്സാ കേന്ദ്രത്തിൽ ഇവരെ ആശുപത്രിയിൽ എത്തിക്കുന്നതിനും തിരികെ ഡി.സി.സിയിൽ എത്തിക്കുന്നതിനും പ്രത്യേക വാഹനം ഇവർ തയ്യറാക്കിയിട്ടുണ്ട്. കൂടാതെ നഗരസഭയിൽ നിന്ന് ലഭിക്കുന്ന ഭക്ഷണത്തിന് പുറമെ വോളിന്റീയർമാർ സ്വന്തമായി പാകം ചെയ്ത് ചികിത്സയിൽ കഴിയുന്നവർക്ക് നൽകുന്നുണ്ട്. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും മുൻ ഉടുമ്പൻചോല എം.എൽ.എയുമായ എം. ജിനദേവന്റെ സ്മരണാർത്ഥം ബന്ധുമിത്രാദികൾ സ്ഥാപിച്ച എം. ജിനദേവൻ ട്രസ്റ്റിന്റെ സഹായത്തിലാണ് ഡൊമിസിലറി കെയർ സെന്ററിന്റെ പ്രവർത്തനം ആരംഭിച്ചത്. ട്രസ്റ്റിന്റെ നേതൃത്വത്തിൽ ലഭിച്ച ഒരു ലക്ഷം രൂപയുടെ സഹായത്തോടെയാണ് ഡൊമിസിലറി കെയർ സെന്ററിലെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയത്. തൊടുപുഴ നഗരസഭയിലാരംഭിച്ച മൂന്നാമത്തെ ഡൊമിസിലറി കെയർ സെന്ററാണ് കോലാനിയിലേത്. സി.പി.എം ലോക്കൽ സെക്രട്ടറി ആർ. പ്രശോഭ്, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി കെ.എസ്. രാജേഷ്, അരുൺ വി. ഗോപാൽ, ചുങ്കം ബ്രാഞ്ച് രാജു ബേബി, മുൻസിപ്പൽ കൗൺസിലർമാരായ മെർലി രാജു, കവിത അജി, ജോസ് മഠത്തിൽ, ആർ. ഹരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഡി.സി.സിയുടെ പ്രവർത്തനം.