ഇടുക്കി: തോട്ടം മേഖലയിൽ കൊവിഡ് മാനദണ്ഡം കൃത്യമായി പാലിച്ചാൽ ലോക്ഡൗണിൽ നിന്നൊഴിവാകാമെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശൻ. ജില്ലയിൽ കൊവിഡ് വ്യാപനം കുറഞ്ഞിട്ടുണ്ട്. ലോക്ഡൗൺ ഫലപ്രദമാണെന്നാണ് ഇത് കാണിക്കുന്നത്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്നു ദിവസത്തെ ശരാശരിയായ 17.6 ൽ നിന്ന് ഇന്നലെ 16.1 ആയി കുറഞ്ഞിട്ടുണ്ട്. ഇടുക്കി ജില്ല, സംസ്ഥാന തലത്തിൽ 13-ാം സ്ഥാനത്താണ് ഇപ്പോൾ. തോട്ടം മേഖലയിലാണ് ഇനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഉപജീവനമാർഗമായ തോട്ടം മേഖലയെ സർക്കാർ ലോക്ക്‌‌ഡൗ ണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തോട്ടം മേഖലയായ ഏലപ്പാറ, കുമളി, പള്ളിവാസൽ, മൂന്നാർ, ദേവികുളം എന്നീ പഞ്ചായത്തുകളിൽ കൊവിഡ് രോഗ വ്യാപനം കൂടുതലാണ്. തോട്ടം മേഖലയിൽ കമ്പനി അധികൃതരും തദ്ദേശ ഭരണ സ്ഥാപനങ്ങളും എല്ലാവിധ മുന്നൊരുക്കങ്ങളും നടത്തി പ്രതിരോധ പ്രവർത്തനം നടത്തുന്നുണ്ട്. ജനങ്ങളുടെ സഹകരണം കൂടി ഉണ്ടായാൽ മാത്രമേ കൊവിഡ് വ്യാപനം ലോക്ഡൗണിലൂടെ കുറച്ചത് ജില്ലയിൽ നിലനിറുത്താൻ കഴിയൂ. കണ്ടെയ്‌മെന്റ് സോണിൽ നിയന്ത്രണം കർശനമായി തുടരുന്നുണ്ട്. എല്ലാവരും കൊവിഡ് മാനദണ്ഡം കൃത്യമായി പാലിച്ചാൽ ലോക്ക്‌ഡൗണിൽ നിന്ന് അധികം താമസിയാതെ ഒഴിവാകാൻ കഴിയുമെന്നും ജില്ലാ കളക്ടർ എച്ച്. ദിനേശൻ പറഞ്ഞു.