നശിച്ചത് 1,702.53 ഹെക്ടർ കൃഷി
ഇടുക്കി: ടൗട്ടേ ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടായ കാറ്റിലും മഴയിലും ജില്ലയിൽ ഉണ്ടായത് 242.72 കോടി രൂപയുടെ കൃഷിനാശം. ജില്ലയിലാകെ 15,394 കർഷകരുടെ 1,702.53 ഹെക്ടർ കൃഷിയാണ് നശിച്ചത്. കഴിഞ്ഞ 14 മുതൽ ഇന്നലെ വരെ കൃഷിവകുപ്പ് ശേഖരിച്ച കണക്കാണിത്. ഹൈറേഞ്ചിലെ ഏലംകൃഷി വ്യാപകമായി നശിച്ചതാണ് തുക ഇത്രയും ഉയരാൻ കാരണമായത്. നെടുങ്കണ്ടം ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ നാശം. ഇവിടെ 1327 കർഷകരുടെ 562.47 ഹെക്ടർ കൃഷി നശിച്ചു, 110.81 കോടിയുടെ നഷ്ടം. തൊടുപുഴ ബ്ലോക്കിൽ മാത്രമാണ് കൃഷി നാശത്തിന്റെ തോത് കുറഞ്ഞത്. ഇവിടെ 120 കർഷകരുടെ സ്ഥലമാണ് നശിച്ചത്. 4.45 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചതിലൂടെ 18 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. ദേവികുളം ബ്ലോക്കിൽ 2178 കർഷകരുടെ കൃഷിയാണ് നശിച്ചത്. 415.44 ഹെക്ടർ കൃഷി നശിച്ചതിലൂടെ മൂന്ന് കോടി രൂപയുടെ നഷ്ടം. അടിമാലി ബ്ലോക്കിൽ 319 കർഷകരുടെ 35.92 ഹെക്ടർ കൃഷി നശിച്ചു, 2.18 കോടിയുടെ നഷ്ടം. ഇളംദേശം ബ്ലോക്കിൽ 1.19 കോടിയുടെ നഷ്ടമാണ് തിട്ടപ്പെടുത്തിയത്. 725 കർഷകരുടെ 26.14 ഹെക്ടർ കൃഷി കെടുതിക്കിരയായി. ഇടുക്കി ബ്ലോക്കിന് കീഴിൽ 16.73 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. 6724 കർഷകരുടെ 234.10 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചതായാണ് കണക്ക്. കട്ടപ്പന ബ്ലോക്കിന് കീഴിൽ 2561 കർഷകരുടെ കൃഷി നശിച്ചു. 334.86 ഹെക്ടർ കൃഷി നശിച്ചതിലൂടെ 84.72 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. പീരുമേട് ബ്ലോക്കിൽ 89.15 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. 1440 കർഷകർക്ക് 23.88 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു.